ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശബ്ദവേഗം ഭേദിച്ച ലോകത്തിലെ ഏക കാർ ഡ്രൈവറായ ബ്രിട്ടീഷ് മുൻ റോയൽ എയർഫോഴ്‌സ് പൈലറ്റ് ആൻഡി ഗ്രീൻ പുതിയ ലോകറെക്കോർഡ് സ്വന്തമാക്കി. അമേരിക്കയിലെ യൂട്ടായിലെ ബോണെവിൽ സാൾട്ട് ഫ്ലാറ്റ്സിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറിൽ മണിക്കൂറിൽ 406.320 മൈൽ (653.908 കിലോമീറ്റർ) വേഗം കൈവരിച്ചാണ് 64-കാരൻ പുതിയ നേട്ടം സ്വന്തമാക്കിയത്. മോട്ടോർസ്പോർട്സ് അന്താരാഷ്ട്ര നിയന്ത്രണസംഘടനയായ എഫ്.ഐ.എ റെക്കോർഡ് അംഗീകരിച്ചു.

ബ്രിട്ടീഷ് നിർമാണ ഉപകരണ കമ്പനിയായ ജെ.സി.ബി വികസിപ്പിച്ച 32 അടി നീളമുള്ള വാഹനത്തിലാണ് റെക്കോർഡ് പ്രകടനം. 1,600 കുതിരശക്തിയുള്ള രണ്ട് ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എൻജിനുകളാണ് വാഹനത്തിന് കരുത്തേകിയത്. നേരത്തെ 1997-ൽ ത്രസ്റ്റ് എസ്.എസ്.സി ജെറ്റ് കാർ ഉപയോഗിച്ച് മണിക്കൂറിൽ 763.035 മൈൽ വേഗം കൈവരിച്ച് ശബ്ദവേഗം ഭേദിച്ച ചരിത്രനേട്ടവും ആൻഡി ഗ്രീൻ സ്വന്തമാക്കിയിരുന്നു.

2006-ൽ ഡീസൽ കാറിൽ മണിക്കൂറിൽ 350.092 മൈൽ വേഗം കൈവരിച്ച റെക്കോർഡും ഗ്രീന്റെ പേരിലുണ്ട്. ഇത്തവണ ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ സാധ്യത തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം. ഹൈഡ്രജൻ ഇന്ധനം ഭാവിയുടെ ഊർജസ്രോതസാണെന്ന് ജെ.സി.ബി വിലയിരുത്തുമ്പോഴും, ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭൂരിഭാഗം ഹൈഡ്രജനും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply