തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ കൂടുതൽ ചട്ടലംഘനങ്ങൾ പുറത്തുവന്നു. സംസ്ഥാന സർക്കാരുമായി ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണ് കായികവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാറിലെത്തുകയും ‘സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി’ എന്ന രീതിയിൽ സർക്കാർ വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ 18 ദിവസത്തിനുശേഷമാണ് ഇതിനുള്ള സർക്കാർ അനുമതി നേടിയതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. പണം നൽകുന്നതിൽ വീഴ്ച വന്നതിനെ തുടർന്ന് സ്പോൺസറുമായുള്ള കരാർ എഎഫ്എ രണ്ടുതവണ റദ്ദാക്കിയതായും രേഖകളിലുണ്ട്. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയിൽ വിലാസം കരാറിൽ ഉൾപ്പെടുത്തിയതും, അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടതും ചോദ്യങ്ങൾ ഉയർത്തുന്നു. അനുമതിക്ക് മുൻപേ അർജന്റീന ടീമിന് സംസ്ഥാന കായികവകുപ്പ് സുരക്ഷ ഒരുക്കുമെന്ന ഉറപ്പും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയതിനെ തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. പിഴ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കായികവകുപ്പ് കത്തയച്ചതായും രേഖകൾ പുറത്തുവന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരം അന്നത്തെ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് കത്തയച്ചത്. അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ട കരാറാണെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദവുമായി വിരുദ്ധമാണ് ഈ കത്തിടപാടുകളെന്നതും വിവാദത്തിന് ആക്കം കൂട്ടുന്നു.