ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനിടെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് മേഖലയിൽ ഉണ്ടായ വ്യാപകമായ കാട്ടുതീയിൽ നാല് പേർ ആശുപത്രിയിലായി. സ്റ്റോർ ബ്രിഡ്ജിലെ ഒരു ഗോൾഫ് കോഴ്‌സിന് സമീപം ഏകദേശം 16 ഹെക്ടർ പ്രദേശത്ത് പടർന്നുപിടിച്ച തീ നിരവധി വീടുകളിലേക്കും സമീപ വനമേഖലയിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ 12 ഫയർ എൻജിനുകളും 60ഓളം അഗ്നിരക്ഷാ സേനാംഗങ്ങളും രംഗത്തിറങ്ങി.

തീപിടിത്തത്തിൽ മൂന്ന് അഗ്നിരക്ഷാ പ്രവർത്തകരും ഒരു കുട്ടിയും ആശുപത്രിയിൽ ചികിത്സ തേടി. പുക ശ്വസിച്ചതിനെ തുടർന്ന് ആറുപേർക്ക് കൂടി ചികിത്സ നൽകേണ്ടിവന്നു. തീപിടിത്തത്തെ തുടർന്ന് ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ റോഡുകളും ചില റെയിൽ സർവീസുകളും പുകമൂലം താൽക്കാലികമായി തടസപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെയും ഒരു കെയർ ഹോമിലെ താമസക്കാരെയും ഒഴിപ്പിച്ചു.

അതേസമയം, സ്റ്റോക്ക്-ഓൺ-ട്രെന്റ്, ബർമിങ്ഹാം, വുസ്റ്റർഷയർ, വാർവിക്‌ഷയർ എന്നിവിടങ്ങളിലും വ്യാഴാഴ്ച വലിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. അസാധാരണമായ ചൂടും ദീർഘകാല വരണ്ട കാലാവസ്ഥയും തീ അതിവേഗം പടരാൻ കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലണ്ടനിലെ ക്യൂ ഗാർഡൻസിൽ 38.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതോടെ ബ്രിട്ടനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയും രേഖപ്പെടുത്തി.











Leave a Reply