ലണ്ടൻ: കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാഭ്യാസ സമൂഹശാസ്ത്ര പ്രൊഫസറായിരുന്ന ജേസൺ ആർഡേ (41)യെ ദക്ഷിണ ലണ്ടനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ആംബുലൻസ് സർവീസിന്റെ അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരണം അപ്രതീക്ഷിതമാണെങ്കിലും ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൊറോണറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

2023-ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗക്കാരനായ പ്രൊഫസറായി നിയമിതനായ ആർഡേ, കോപ്പിയടി ആരോപണങ്ങളും തന്റെ വിദ്യാഭ്യാസ – ജീവിത നേട്ടങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. ആരോപണങ്ങളും പൊതുചർച്ചകളും തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദം സൃഷ്ടിച്ചുവെന്നായിരുന്നു രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. തന്റെ അക്കാദമിക് യോഗ്യതകളും മറ്റ് അവകാശവാദങ്ങളും സംബന്ധിച്ച് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജി.

ആർഡേയുടെ മരണത്തിൽ കുടുംബം കടുത്ത ദുഃഖം രേഖപ്പെടുത്തി. കേംബ്രിഡ്ജിൽ പ്രൊഫസറായതുമുതൽ വർഷങ്ങളായി തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടന്നുവെന്നും അത് അദ്ദേഹത്തെ തളർത്തിയെന്നും കുടുംബം ആരോപിച്ചു. കേംബ്രിഡ്ജ് വൈസ് ചാൻസലർ പ്രൊഫ. ഡെബോറ പ്രെന്റിസ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ-രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസാരശേഷിയില്ലാത്ത കുട്ടിയിൽ നിന്ന് പ്രമുഖ സർവകലാശാലയിലെ പ്രൊഫസറിലേക്കുള്ള ആർഡേയുടെ ജീവിതയാത്ര ഏറെ ശ്രദ്ധ നേടിയിരുന്നെങ്കിലും, അടുത്തകാലത്തെ വിവാദങ്ങൾ അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.











Leave a Reply