ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സ്വപ്നങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതെന്നും സ്വപ്നങ്ങൾ വലുതാകുമ്പോൾ ചിന്തകളും കഴിവുകളും വിശാലമാകുമെന്നും വെല്ലുവിളികളെ അതിജീവിച്ച് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യാത്രയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്ന ഏഴ് പ്രധാന മേഖലകളെ ‘സപ്തധാരകൾ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഉൽപാദനം, കർഷകർ, സാങ്കേതികവിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗ, കരകൗശലവിദ്യ, സിനിമ തുടങ്ങിയവ ഉൾപ്പെടുന്ന സോഫ്റ്റ് പവർ എന്നിവയാണ് അവയെന്ന് വ്യക്തമാക്കി. ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരതയുള്ള സർക്കാർ നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഓരോ ഇന്ത്യക്കാരനും ആത്മനിർഭരത കൈവരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ രംഗത്തെ നേട്ടങ്ങളും കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയതും രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകമായെന്നും കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ വിവിധ പദ്ധതികൾ ഫലപ്രദമായെന്ന് ഇന്ത്യ തെളിയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ എത്തിയതും ഈ രംഗത്തെ ഇന്ത്യയുടെ കഴിവിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് മുക്തരായെന്നും കഴിഞ്ഞ 12 വർഷം ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.