സുനിൽ മറ്റക്കര

നമ്മുടെ നാട്ടിൽ അധികരിച്ചുവരുന്ന ദുരന്തങ്ങൾ ,പ്രത്യേകിച്ചും മഴക്കാലമാവുമ്പോൾ .ഉരുൾ പൊട്ടൽ ,മലവെള്ള പാച്ചിൽ ,മലയിടിച്ചിൽ, വെള്ളപ്പൊക്കം,കൊടുംകാറ്റ് എന്നീ തരങ്ങളിൽ ഉള്ള പ്രകൃതിക്ഷോഭങ്ങൾ കൊണ്ടു കേരളജനത ഇന്ന് ഭീതിയുടെ വക്കിലാണ്.ഏതു നിമിഷവും എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിൽ ആണ് ജനജീവിതം. എൽനിനോ പ്രതിഭാസവും ,ചക്രവാതചുഴിയും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും സ്വച്ഛ ജീവിതത്തിനു ഭംഗം വരുത്തുന്നു, പ്രത്യേകിച്ചും മലയോര പ്രദേശങ്ങൾ ,തീരദേശങ്ങൾ ,കുട്ടനാടുപോലുള്ള സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രേദേശങ്ങൾ,ഇവിടെയെക്കെയുള്ള മനുഷ്യ ജീവനുകൾ ,മൃഗ സമ്പത്തുകൾ നഷ്ടപ്പെടുകയും ,കാർഷികവിളനാശം സംഭവിക്കുകയും ചെയ്യുന്നു ,ഈ അപരിഹാര്യമായ നഷ്ടങ്ങൾ നമുക്കും നമ്മുടെ നാടിനും താങ്ങാവുന്നതിനപ്പുറം ആണ് ,അടിക്കടിയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളാൽ സംസ്ഥാനം സാമ്പത്തികമായി പിന്നോക്കം പോകുകയും നാടിൻറെ വികസനത്തിനും പുരോഗതിക്കു മാന്ത്യം ഭവിക്കുകയും ചെയ്യുന്നു .

ഒരുപാടു ജനങ്ങൾ അനുഭവിക്കുന്ന ഈ വിധമുള്ള കഷ്ടതകൾക്ക് അറുതി വരുത്തേണ്ടത് അത്യാവശ്യമല്ലേ? മഴയെ കുറ്റം പറഞ്ഞുകൊണ്ട് മലയാള മാധ്യമങ്ങൾ “ദുരന്തപെയ്ത്തു” എന്നതു പോലെയുള്ള തലക്കെട്ടുകളോടെ ആവേശപൂർവം വാർത്തകൾ നൽകി ആഘോഷമാക്കുന്ന കാഴ്ചകൾ നമ്മുടെ മുന്നിൽ ഉണ്ട് . ജീവിക്കുവാനായി മലകയറിയ നിഷ്കളങ്കരായ മലയോര കർഷകരുടെ ജീവൻ മണ്ണിൽ പുതഞ്ഞു നഷ്ടമാവുമ്പോൾ ,മത്സ്യബന്ധനത്തിന് പോകുന്ന മൽസ്യ തൊഴിലാളികളുടെ ജീവൻ കടലെടുക്കുമ്പോൾ,

വെള്ളക്കെട്ടുകളിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോൾ ദുരന്തങ്ങളെ നവമാധ്യമങ്ങളിൽ വിറ്റു കാശാക്കുന്ന ദുരന്ത ജന്മങ്ങളും ഏറിവരുന്നു . സർക്കാരും ജനങ്ങളും ,സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് എന്നത് ശ്ളാഘനീയം തന്നെ .എന്നിരുന്നാലും ഒരു കൂട്ടം ജനങ്ങൾ മാനത്തു മഴക്കാറുകണ്ടാൽ ഉടൻ എല്ലാം ഇട്ടെറിഞ്ഞു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തേണ്ടുന്ന ഗതികേട് എത്ര ഭീതിതമാണ് മറ്റുള്ളവരെ പോലെ അവർക്കും ഇവിടെ ജീവിക്കുവാൻ അവകാശമില്ലേ ?സ്വസ്ഥ ജീവിതം ഇവർക്ക് ഇന്നന്യമായിരിക്കുന്നു .

സർക്കാർ അവർക്കു നഷ്ടപരിഹാരം നൽകും എന്നുപറയുന്നു, നൽകിയിട്ടുമുണ്ട് ,പക്ഷെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് ,കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ നഷ്ടപരിഹാരം എന്താശ്വാസമാണ് നൽകുന്നത് ,എല്ലാവർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്നു ,ഭരണകൂടം പതിവുപോലെ പ്രഖ്യാപനങ്ങൾ നടത്തും അതിന്റെ ആയുസ്സ് അടുത്ത പ്രളയം വരെ മാത്രം .ഇതൊന്നുമല്ല കാര്യം ജനങ്ങളുടെ തലക്കുമുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള ഭയം നിലനിൽക്കുന്നു. .രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളും സൈനികരും മൽസ്യ തൊഴിലാളികളും ,സന്നദ്ധ പ്രവര്ത്തകരും ഉണ്ട് കൂടാതെ നഷ്ടപരിഹാരം നൽകുവാൻ ഖജനാവിലെ നികുതിപ്പണവും സർക്കാരിനുണ്ട് ,അത് എങ്ങിനെ ചെലവഴിക്കണം എന്ന് ജനങ്ങളോട് ചോദിക്കേണ്ട ആവശ്യം ജനാധിപത്യ സർക്കാരുകൾക്കില്ലാത്തതുകൊണ്ട് അവർക്ക്

ഇഷ്ടം പോലെ ചിലവാക്കുവാനൊക്കും .പക്ഷെ നഷ്ടപ്പെട്ട ജീവനുകൾക്ക് ഇതൊന്നും പകരമാവില്ല ,ഭാഗികമായെങ്കിലും ദുരന്തങ്ങൾ മനുഷ്യസൃഷ്ടിയാണെന്നു മാധ്യമങ്ങളും വിദഗ്ധരും പലവുരു ചൂണ്ടിക്കാണിച്ചിട്ടും ഇതിന്റെ മൂലകാരണങ്ങളെയും കാരണ ഭൂതന്മാരെയും കണ്ടുപിടിച്ചു നിയമപ്രകാരം നടപടികൾ എടുക്കുക എന്നതല്ലേ ശ്വാശ്വതമായ പരിഹാരം. ഇത് ദുരന്തങ്ങളുടെ തനിയാവർത്തനങ്ങൾ ഉണ്ടാകാതിരിക്കുവാൻ ഒരു പരിധിവരെ സാധ്യമാകും എന്ന് അനുമാനിക്കാം .എല്ലാം അറിയാമെങ്കിലും ഭരണകൂടം അന്ധബധിരത ബാധിച്ചു ഇരിക്കുന്നതാണോ അവഗണിക്കുന്നതാണോ എന്ന സംശയം അവരുടെ ഈ നിഷ്ക്രിയത ജനങ്ങളിൽ ജനിപ്പിച്ചേക്കാം .

അതി പ്രഗത്ഭരായ രണ്ടു മഹത് വ്യക്തികൾ യശ്ശ:ശരീരനായ ശ്രീ മാധവ് ഗാഡ്ഗിൽ ,ശ്രീ കസ്തൂരി രംഗൻ എന്നിവർ പലതവണ മുന്നറിയിപ്പുകൾ തന്നു ,പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയപ്പോൾ അതിനെ ചവറ്റുകൊട്ടയിൽ എറിയുകയും അതിനെതിരെ പ്രമേയം പാസാക്കുകയും ,ജനങ്ങളെ സംഘടിപ്പിച്ചു സമരം നടത്തി ആ മഹാന്മാരെ അധിക്ഷേപിച്ചആളുകൾക്ക് അതിനു നേതൃത്വം നൽകിയവർക്ക് തിരിച്ചു നൽകാനാവുമോ ഈ നഷ്ടപ്പെട്ട ജീവനുകൾ ? അവർക്കു നഷ്ടമായ അവരുടെ സ്വത്തുക്കൾ? ,അവരുടെ പൂർവികർ ഉറങ്ങുന്ന മണ്ണ് ഇതൊക്കെ അവർക്കു അതേപടി തിരിച്ചു നൽകുവാൻ പറ്റുമോ ?. നഷ്ടപരിഹാരമായി കിട്ടുന്ന പച്ചനോട്ടുകൾക്കു അവരുടെ ദുഃഖം അകറ്റുവാൻ ഒക്കുമോ .

പ്രളയമോ മറ്റു ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ വിദഗ്ദ്ധർക്കെതിരെയുള്ള പടക്കു ,വെടിമരുന്നിട്ടു ആളിക്കത്തിക്കുന്ന മഹാന്മാർ മാളത്തിൽ ഒളിക്കും ,ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയുള്ള പരിസ്ഥിതി സംബന്ധമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ ഫണം വിടർത്തും ഇക്കൂട്ടർ ,ഇവരെയാണ് സൂക്ഷിക്കേണ്ടത് അത്യന്തം അപകടകാരികൾ ആയ ഇവർ ജനങ്ങളുടെ നന്മയെ അല്ല ആഗ്രഹിക്കുന്നത് ,അവരുടെ ഒക്കെ സ്വകാര്യ താല്പര്യങ്ങളെ അല്ലെങ്കിൽ കച്ചവട താല്പര്യത്തെ ജനങ്ങളെ രക്തസാക്ഷികൾ ആക്കി കാത്തുസൂക്ഷിക്കുക എന്നതാണീ വക്ര ബുദ്ധികളുടെ ആവശ്യം . സാമാന്യ ജനങ്ങളുടെ തലക്കുമുകളിലും പുരക്കുമുകളിലും മരണം വാ പിളർന്നിരിക്കുമ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങളും ധനാർത്തിയും പെരുത്ത ഇക്കൂട്ടരുടെ വാക്കുകൾ അവഗണിച്ചു അവനവനു ശരിയായത് എന്തെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ജനങ്ങൾ തയ്യാറാവുക , .ചിലരുടെ സ്വാർത്ഥ താല്പര്യ വിജങ്ങൾക്കു നിങ്ങൾ ബലിയാടാകുവാൻ നിൽക്കരുത്.

ഗാഡ്ഗിൽ റിപ്പോർട്ട് ജനങ്ങളുടെ ഇടയിൽ ഭീതിപരത്തും വിധം പ്രചരിപ്പിച്ചു ജനങ്ങളെ സത്യം മനസ്സിലാക്കാൻ അനുവദിക്കാതെ ഇരുട്ടിൽ നിർത്തി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നവർ അതിനു ശേഷം നഷ്ടപരിഹാരത്തിനായി മുറവിളികൂട്ടുന്നു കാഴ്ചകൾ എത്രയോ പരിഹാസ്യമാണ് ,പ്രിയ ജനങ്ങളെ ,കൂടപ്പിറപ്പുകളെ നഷ്ടപ്പെടുത്തി ,കിടപ്പാടം നഷ്ടപ്പെടുത്തി അതിന്റെ നഷ്ട പരിഹാരം കൊണ്ട് ജീവിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇന്ന് നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല .

ദുരന്തത്തിന്റെ മൂലകാരണങ്ങൾ ,പരിസ്ഥിതിലോല പ്രേദേശങ്ങളിലെ അനിയന്ത്രിതമായ ഭൂമി കയ്യേറ്റം ,അവിടെ അശാസ്ത്രീയമായ കൃഷിരീതികളും നിർമ്മാണ പ്രവർത്തനങ്ങളും,വൻ തോതിലുള്ള വൃക്ഷനാശവും കയ്യേറ്റക്കാർ വരൂത്തുന്നു .ഇതിന്റെ ദോഷ വശങ്ങൾ ഒന്നും ചിന്തിക്കാതെ നടപടികൾ എടുക്കാതെ രാക്ഷ്ട്രീയ നേട്ടങ്ങൾക്കും മറ്റു പല ലാഭങ്ങൾക്കുമായി പട്ടയമേളകൾ നടത്തി ഭൂമി പതിച്ചുകൊടുക്കുന്ന രീതി പാടെ തെറ്റാണ് .ജനങ്ങളെ അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിവിടുന്ന പ്രവർത്തിയാണിത് ,തലചായ്ക്കുവാൻ ഒരു കൂര കെട്ടുവാൻ എവിടെങ്കിലും സ്വന്തമായി ഒരുതുണ്ടു ഭൂമി കിട്ടിയാൽ എല്ലാം മറന്നു ജനങ്ങൾ സന്തോഷത്തോടെ അത് സ്വീകരിക്കും ,എല്ലാം കഴിഞ്ഞു മേളകൾക്കു തിരശീല വീണുകഴിയുമ്പോൾ മാത്രമാണ് ഈ സാധുക്കൾ ഭൂമിയുടെ അവസ്ഥയെയും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതയെ കുറിച്ചും അറിയുന്നത് .പെട്ടുപോയവർ എന്തും വരട്ടെ എന്നുകരുതി അവിടെ തങ്ങി ദുരന്തങ്ങൾക്ക് ഇരയായി മാറുന്നു .ഇങ്ങനെയുള്ള അശാസ്ത്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ കുടിയേറ്റക്കാർ മാത്രമല്ല താഴ്‌വരയിലുള്ള സകല മനുഷ്യരും .മറ്റു ജീവജാലങ്ങളും അനുഭവിക്കുകയാണ് ,മൂന്നാർ കയ്യേറ്റം മതികെട്ടാൻ ചോലയിലെ പ്രശനങ്ങൾ ഒക്കെ നമ്മുടെ കാലത്തു നമ്മൾ കണ്ടതാണ് .

പാറമട, മണ്ണ് വ്യാപാരികൾ ,ഇവർക്ക് പരിസ്ഥിതി ലോലം എന്നല്ല മറ്റുള്ളവർക്ക് എന്ത് ദുരിതം അനുഭവിച്ചാലും ഞങ്ങൾക്ക് പണം മാത്രം മതി എന്നാഗ്രഹിച്ചു ജീവിക്കുന്ന കൂട്ടർ ,ഇവർക്ക് മറ്റുള്ളവരുടെ വേദന അറിയേണ്ട .നാടിന്റെ വികസനമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന അടിക്കുറിപ്പുകൊണ്ട് ജനങ്ങളുടെ വായടപ്പിച്ചു ,അല്ലാത്തവരെ വികസന വിരോധികൾ ആയി ചിത്രീകരിച്ചുകൊണ്ടു അവരുടെ അശ്വമേധം നടത്തിക്കൊണ്ടേയിരിക്കുന്നു. ,ഉദാഹരണം റോഡ്, റെയിൽ, പാലം,ഇവയൊക്കെ നിങ്ങൾക്കു വേണ്ടേ ,നമ്മുടെ നാട് പുരോഗമിക്കേണ്ടെ ,ഇതിനൊക്കെയുള്ള അസംസ്കൃത വസ്തുക്കൾ ആയ പാറ ,മണ്ണ് ഒക്കെ അത്യന്താപേക്ഷിതമല്ലേ എന്നുള്ള വർണ്ണക്കടലാസിൽ പൊതിഞ്ഞ ദുരന്ത മിഠായികൾ മനുഷ്യർക്കിടയിലേക്കു എറിഞ്ഞു കൊടുത്തു അവരെ സമർത്ഥമായി പറ്റിക്കുന്നു .ഇതിനെല്ലാം ഈ ഖനന മുതലാളിമാർക്ക് വേണ്ടപ്പെട്ട എല്ലാ സ്‌ഥലത്തുനിന്നും എല്ലാവിധത്തിലും ഉള്ള പിന്തുണ കിട്ടുന്നുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ് .

വനം കയ്യേറ്റക്കാർ ,ദുരന്തങ്ങൾക്ക് ഇവർ അവരുടേതായ പങ്കു വഹിക്കുന്നു. പ്രളയം ഉണ്ടാകുമ്പോൾ ആർത്തലച്ചു കരയുന്ന അവിടെ വെള്ളപ്പൊക്കം ഇവിടെ മണ്ണിടിച്ചിൽ, ഇത്രയും ആളുകൾ മണ്ണിനടിയിൽ പെട്ടു ,രക്ഷാപ്രവർത്തനം എങ്ങും എത്തുന്നില്ല എന്നൊക്കെ നിലവിളിക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഒരിക്കലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ വെളിവാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്തുകൊണ്ടെന്ന് ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ എന്നും നില നിൽക്കും .ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിനും കേടുപാടുകൾ സംഭവിക്കാം ,സാമൂഹ്യ പ്രതി ബദ്ധത കാലാന്തരത്തിൽ നഷ്ടപ്പെടാം എന്നൊക്കെയല്ലേ ഇതിൽനിന്നും നമ്മൾ മനസിലാക്കേണ്ടത് .

പാടം നികത്തൽ ,ജലാശയങ്ങൾ പുഴകൾ ഇവയുടെ കയ്യേറ്റം ,റിസോർട് വ്യാപാരികളുടെ അതിപ്രസരം ഇതുമൂലം പരിസ്ഥിതി നാശം അനന്തമായി തുടരുന്നു, ഇതൊക്കെ കാണുന്ന നമ്മുടെ ഭരണകർത്താക്കൾ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന് സാധാരണ വ്യക്തിക്ക് തോന്നിയാൽ അതിൽ തെറ്റുണ്ടാവുമോ?സ്വാധീനമുള്ളവൻ ഏക്കറുകണക്കിന് പാടം നികത്തിയാലുംകുഴപ്പമില്ല മൂന്നു സെന്റ് കാരൻ തല ചായ്ക്കുവാൻ ഒരു കൂരയുണ്ടാക്കുവാൻ അൽപ്പം മണ്ണിട്ട് പൊക്കിയാൽ അവിടെ പലവിധ വർണങ്ങൾ ഉള്ള കൊടികൾ ഉയരും ,നിയമ പ്രശനങ്ങൾ കൊണ്ട് ആ പാവത്തിനെ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥ സംജാതമാക്കും .തൊട്ടടുത്ത് മണ്ണിട്ട് നികത്തി ക്കൊണ്ടിരിക്കുന്ന വിശാലമായ പറമ്പ് കാണാൻ തക്ക വിശാലമായ കാഴ്ചപ്പാടില്ലാത്തവർ ആണ് മൂന്നു സെന്റുകാരന്റെ മുതുകത്തുകയറുന്നതു എന്ന സത്യം പരിഹാസ്യമല്ലേ .ധനാഢ്യന്മാർ പുഴ ,കായൽ ഇവയൊക്കെ കയ്യേറി കോടികൾ ചിലവിട്ടു കൊട്ടാരങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടങ്ങിയവ നിർമ്മിക്കുന്നു ,നീരൊഴുക്ക് തടയുന്നു, റിസോർട്ടുകൾ കായലിറമ്പത്തും പുഴയോരത്തും കൂണുപോലെ മുളക്കുന്നു .അന്ധത ബാധിച്ചിരിക്കാം അധികാരികൾക്ക് അല്ലെങ്കിൽ മറ്റെന്തിന്റെയെങ്കിലും മുന്നിൽ കണ്ണ് മഞ്ഞളിച്ചു പോയിരിക്കാം.

രാക്ഷ്ട്രീയക്കാർ ദുരന്തം വോട്ടു കിട്ടാനുള്ള മാർഗ്ഗം ആക്കി മാറ്റുകയും ,ദുരന്ത നിവാരണ പ്രവർത്തനങ്ങളെ രാക്ഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നു .കുറച്ചാളുകൾ പണപ്പിരിവ് നടത്തുക ഒരു തൊഴിൽ ആക്കി മാറ്റിയിരിക്കുന്നു ദുരിതാശ്വാസ ഫണ്ട് എന്ന ഓമനപ്പേരും,എന്നാൽ എത്രകിട്ടി എത്ര ചിലവായി ആരൊക്കെ തന്നു എന്ന് ചോദിച്ചാൽ ചോദ്യം ജലരേഖയായി മാറും .വീട് പണിതുകൊടുക്കാം എന്ന് അപകട സമയത്തു സ്വന്തം പരസ്യത്തിനായി ഗീർവാണം അടിച്ച വലിയ മുതലാളിമാർ വാഗ്ദാനം ചെയ്ത എത്ര വീടുകൾ ദുരന്ത ബാധിതർക്കായി നിർമ്മിച്ചിട്ടുണ്ട് ?
നോക്കിയാൽ അതിനും ഉത്തരം കണ്ടെത്തുവാൻ വിഷമം ആയിരിക്കും ,ശരിക്കും ദുരന്തം ഉണ്ടായാൽ പലരും അതാഘോഷിക്കുകയാണ് എന്നാണ് എന്റെ തോന്നൽ .

ജനങ്ങൾ ചിന്തിക്കണം നിങ്ങൾക്ക് ഒരുരാക്ഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ഒരു സംഘടന ഒരു സഹായം ചെയ്യുന്നുവെങ്കിൽ അതിനുള്ള പണം കണ്ടെത്തുന്നത് അവരുടെ നീക്കിയിരുപ്പിൽ നിന്നല്ല, നിങ്ങളുടെ അധ്വാനത്തിന്റെ പങ്കാണ് ,നിങ്ങളിൽ നിന്ന് പിരിവെടുത്തു നിങ്ങൾക്കു അവരുടെ പേരുവെച്ചു അവർ നൽകുന്നു ,അതിൽ എത്ര നിങ്ങളിൽ എത്തുന്നു എന്നത് ചോദിക്കാൻ പാടില്ല ,അവിടെയും നമ്മളെ ചില ആളുകൾ സമർത്ഥമായി പറ്റിച്ചുകൊണ്ടു ഞങ്ങളുടെ സഹായം എന്ന് പറഞ്ഞു മേനിനടിക്കുന്നു .സർക്കാർ സഹായിച്ചു ,നഷ്ടപരിഹാരമായി എട്ടു ലക്ഷം പത്തുലക്ഷം ഒക്കെ നൽകും എന്ന് പറയുന്നു സർക്കാർ ഇതിനായി പ്രത്യേകം നോട്ട് അടിക്കുന്നില്ല ,അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണ്.

അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് മൂന്നരക്കോടി ജനങ്ങളുടെ നികുതിപ്പണം അതിൽ ഏതാനും ശതമാനം ആളുകളുടെ ദുഷ്പ്രവർത്തികൾ കൊണ്ട് സംഭവിക്കുന്ന ,അതായതു പാറമട, മണ്ണ് ,മണൽ, ഭൂ മാഫിയകൾ ചെയ്യുന്ന തെറ്റുകൾക്ക് എന്തിനാണ് ഒന്നുമറിയാത്തവരുടെ നികുതിപ്പണംനഷ്ടപരിഹാരമായി ഉപയോഗിക്കുന്നത് ,ഉപയോഗിക്കാം പക്ഷെ സർക്കാർ അവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾക്ക് അറുതിവരുത്തുവാൻ ഈ മേൽപ്പറഞ്ഞ മാഫിയകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണെങ്കിൽ മാത്രം .അവർ അനധികൃതമായി ഭൂമിയെ തുരന്നെടുത്തു സമ്പാദിച്ച പണം കണ്ടുകെട്ടി ദുരന്ത ബാധിതർക്ക് നല്കുകയല്ലേ വേണ്ടത് .

പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരെ വികസന വിരോധികൾ ആയി ചിത്രീകരിക്കുന്ന പ്രവണതകൾ ഏറിവരുന്ന കാലഘട്ടം ആണ് .നമ്മുടെ നാട്ടിൽ ഒരുപാട് നാട്ടിടവഴികൾ ഉണ്ടായിരുന്നു ചെറുതും വലുതുമായ കൈത്തോടുകൾ ,ചാലുകൾ ,കുളങ്ങൾ ,പാട ശേഖരങ്ങൾ ,ഇപ്പോൾ അവയൊക്കെ കയ്യേറ്റം ചെയ്യപ്പെടുകയോ മണ്ണിട്ട് നികത്തുകയോ ,അതിന്റെ മുകളിൽ കെട്ടിടങ്ങൾ ഉയരുകയോ ചെയ്തിട്ടുണ്ടാവും .വെള്ളം ഒഴുകിപോകുവാനുള്ള വഴികളും ,തങ്ങി നിൽക്കാനുള്ള ഇടങ്ങളും മൂടപ്പെട്ടുകഴിഞ്ഞാൽ സ്വാഭാവികമായും വെള്ളപ്പൊക്കം ഉണ്ടാവും ,ഇതൊന്നും അറിയാത്തവർ അല്ലല്ലോ നമ്മുടെ നാടിനെ നയിക്കുന്നത് ,എന്തുകൊണ്ട് ഈ വക പ്രവർത്തനങ്ങൾക്ക് അതായതു ജനദ്രോഹപരമായ കാര്യങ്ങൾക്കു ഒത്താശ ചെയ്യുന്നു ,അത് ഉദ്യോഗസ്ഥരായാലും രാക്ഷ്ട്രീയ നേതാക്കൾ ആയാലും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ ?,താൽക്കാലിക ലാഭത്തിനുവേണ്ടി നാടിനെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ആരും ചോദ്യം ചെയ്യപ്പെടാതെ പോകരുത് .

പുഴകളിലെ അശാസ്ത്രീയമായ തടയണകളെ കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ,സംഭരണശേഷിയുടെ അളവുകുറക്കുന്നു ,പുഴയുടെ തീരങ്ങൾ കയ്യേറിയതും ദുരന്തങ്ങൾക്ക് ഹേതുവായി തീരുന്നു .നീരൊഴുക്കുകൾ പുനഃസ്ഥാപിച്ചു ,ഇനിയും പരിസ്ഥിയെ ദൂർബലപ്പെടുത്താൻ അനുവദിക്കാതെ ,നിയമങ്ങൾ കർക്കശമാക്കിയാൽ പാവപ്പെട്ടവരുടെ ജീവനും സമ്പത്തും നഷ്ടപ്പെടാതിരിക്കും.അപ്പോൾ ചോദ്യങ്ങൾ ഉയരും പാറയില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിന്നുപോവില്ലേ . വികസനം മുരടിക്കും എന്നൊക്കെ .വികസനം കെട്ടിടങ്ങളിൽ മാത്രം ആണ് നമ്മുടെ ആളുകൾ കാണുന്നത് ,വികസനം ആദ്യം വേണ്ടത് നാടിനെ നയിക്കുന്നവരുടെ മനസിനാണ് .അവർ ചിന്തിക്കണം ഉറച്ച തീരുമാനങ്ങൾ എടുക്കണം ,ദുരന്തത്തിന് കാരണമാകുന്ന ഒരുപ്രവർത്തിയും ഇനി അനുവദിക്കില്ല എന്നുള്ള മാനുഷികമായ ആ വികസനം വന്നാൽ എല്ലാം നന്നാകും .പാറ വേണം ,മണൽ വേണം എല്ലാ വിധ സാധനങ്ങളും വേണം അത് അതിന്റെ പരിധിക്കു വെളിയിൽ പോകാതെ നോക്കണം .കേരളത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കുവാനായി രണ്ടായിരവും മൂവായിരവും ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിക്കുന്നു എന്തിന് ? പതിനായിരക്കണക്കിന് വലിയ ബംഗ്ലാവുകൾ ആളൊഴിഞ്ഞു ഭാർഗ്ഗവീനിലയമായി നിൽക്കുന്നു ആർക്കു വേണ്ടി ?

ഇതിനൊക്കെ നിയന്ത്രണം വരുത്തണം താമസിക്കുന്നവരുടെ എണ്ണം അനുസരിച്ചു പെർമിറ്റ് കൊടുക്കണം ,ഈ വലിയ നിർമ്മാണങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അധിക ഉപഭോഗം മൂലം മറ്റുള്ള ആളുകൾക്ക് ഇത് കിട്ടാതെ വരുന്നു ,പണം ഉണ്ടായിരിക്കാം വലിയവീട്‌വെക്കുന്നതു അവരുടെ ഇഷ്ട്മായിരിക്കാം ,പക്ഷെ അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുത് .പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭവന നിർമ്മാണം നടത്തുവാൻ ഉള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയാൽ അസംസ്കൃത വസ്തുക്കൾക്കായുള്ള ഈ കൊള്ള അവസാനിക്കും .റോഡുകൾ പോലുള്ള വികസന കാര്യങ്ങൾക്കു വേണ്ടി പരമാവധി അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കണം ,അല്ലാതെ ഭവന നിർമ്മാണത്തിനുവേണ്ടിയും മറ്റുള്ള അനാവശ്യ നിർമ്മിതികൾക്കുമായി പൊതു സ്വത്തായ പ്രകൃതിവിഭവങ്ങൾ വിട്ടു നൽകരുത് , ഇങ്ങനെയുള്ള കാര്യങ്ങളിക്കൂടി ശ്രദ്ധപതിപ്പിച്ചാൽ ദുരന്തങ്ങളെ ഒരു പരിധി വരെ തടയുവാൻ സാധിക്കും, വികസനവും ഉണ്ടാവും .

പരിസ്ഥിലോല പ്രേദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക സർക്കാർ വകസ്ഥലങ്ങളോ കയ്യേറ്റക്കാർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമയോ പിടിച്ചെടുത്തു നൽകുക അങ്ങിനെ അവരുടെ ജീവനെ കാക്കുവാൻ ഉള്ള മനസ്സ് കാണിച്ചാൽ നന്നായിരുന്നു . അധികാരത്തിനും ,നേട്ടങ്ങൾക്കുമായി സാധാരണക്കാരന്റെ ജീവിതം ,ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുതേ .ഇതെല്ലാം ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ ആയ ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ മാത്രമായി കണ്ടാൽ മതി .എങ്കിലും എന്നിലെ സംശയാലു ചോദിച്ചുകെണ്ടേയിരിക്കുന്നു ,ഈ പ്രളയ രക്തസാക്ഷികൾ എന്തിനു വേണ്ടി ആർക്കു വേണ്ടി രക്തസാക്ഷിയായി ,എന്തുകൊണ്ട് അപകടങ്ങളുടെ ആവർത്തനങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ ഇതിനെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നത്? എന്തുകൊണ്ട് തങ്ങളുടെ നികുതിപ്പണം നാടിൻറെ വികസനത്തിനല്ലാതെ ചിലരുടെ സ്വാർത്ഥതമൂലം ഉണ്ടാക്കുന്ന ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം ആയി നൽകപ്പെടുന്നു ?

സുനിൽ മറ്റക്കര: – കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.