അഖിൽ പുതുശ്ശേരി
വേലിയ്ക്കൽ പൂത്തുനിൽക്കും കുഞ്ഞൊരു തുമ്പയാണു,
മാവേലിത്തമ്പുരാനെക്കാണാനായ് കാത്തുനിന്നു.
പൂവിളിക്കേട്ടുണർന്നു സന്തോഷം കൊണ്ടുനിന്നു,
പൂക്കളം തീർക്കുവാനായ് ആരും വിളിച്ചതില്ല!
നാട്ടിലെപ്പൂക്കളെല്ലാം പാതയോരത്തുമായി,
കൂട്ടമായ് വന്നിടുന്നു പ്ലാസ്റ്റിക്കിൻ കൂടുകളിൽ.
കാശിനു വാങ്ങിയീടും വർണ്ണപ്പൂവൊക്കെക്കൊണ്ടു,
മുറ്റത്തു തീർത്തിടുന്നു ഗാംഭീര്യപ്പൂക്കളങ്ങൾ!
കുട്ടികൾ വന്നതില്ല പൂക്കുടയേന്തിയെങ്ങും,
തൊട്ടിയെടുത്തുകൊണ്ടെൻ ചാരത്തു വന്നതില്ല.
ഓണപ്പൂപ്പാട്ടുമൂളിപ്പാടാൻ മറന്നുപോയോ?
മാവേലിപ്പാട്ടുകേൾക്കാൻ ഞാനിങ്ങു കാത്തുനിന്നു.
ഫോണിലെ സ്ക്രീനിലിന്നു ഓണവും പൂത്തുനിന്നു,
കാണാമറയത്തായി കൂട്ടരും മാറിനിന്നു.
സന്ദേശമൊക്കെവന്നു വാട്സാപ്പിലായതിനാൽ,
സന്തോഷം പങ്കുവെക്കാൻ നേരിട്ടുവന്നതില്ല.
വെള്ളയുടുപ്പണിഞ്ഞു ഞാനീ വരമ്പിലെന്നും,
ഉള്ളിലൊരാധിയോടെ നിൽപ്പാണ് കൂട്ടുകാരേ.
തേൻകുടിക്കാനുമൊറ്റത്തുമ്പിയും വന്നതില്ല,
ആരുമെൻ സങ്കടങ്ങൾ കേൾക്കുവാനെത്തിയില്ല.
സദ്യയൊരുക്കുവാനായ് അമ്മമാർ പാചകത്തിൽ,
വ്യഗ്രത പൂണ്ടുനിൽക്കും കാലവും പോയ്മറഞ്ഞു.
ഹോട്ടലിൽ നിന്നുമിന്നു പ്ലാസ്റ്റിക്കു പാത്രമായി,
നാട്ടിലെ സദ്യയെല്ലാം മേശപ്പുറത്തിറങ്ങി!
മാവേലിമന്നനിന്നു പാതാളലോകത്തുനി-,
ന്നാവേശമോടെവന്നു നോക്കുമ്പോൾ ഞെട്ടിനിൽക്കും!
മാറ്റങ്ങൾ കണ്ടുമന്നൻ നെഞ്ചത്തു കൈവെച്ചുപോയ്,
ഗ്രാമങ്ങളിന്നിതാ ഹോ! നഗരമായി മാറി.
തമ്പുരാനേയൊരല്പം എൻ്റെയീ സങ്കടങ്ങൾ,
അൻപോടുകേട്ടിടേണം ഞാനൊരു കുഞ്ഞുതുമ്പ.
പണ്ടത്തെ ഓണക്കാലം പിന്നെയുമെത്തിടുമോ?
മണ്ണിലെപ്പൂക്കളെല്ലാം ഒന്നായിച്ചേർന്നിടുമോ?
തമ്പുരാൻ പുഞ്ചിരിച്ചു ചാരത്തു വന്നണഞ്ഞു,
തുമ്പപ്പൂവിൻ്റെ നെറ്റിൽ സ്നേഹത്താൽ മുത്തമേകി.
മാറ്റങ്ങൾ ലോകതത്വം എന്നാലുമെൻ മനസ്സിൽ,
തുമ്പയും മുക്കുറ്റിയും എന്നും പ്രിയപ്പെട്ടവ!
ഓണമെന്നാൽ മനസ്സിൽ പൂക്കുന്ന നന്മയാണു,
കാണാമറയത്തിന്നും വാഴുന്ന സ്നേഹമാണു.
തുമ്പപ്പൂവാകാം നമ്മൾ നാടിൻ്റെ വെണ്മയാകാം,
ഒന്നായിപ്പാടിടാം നാം പൊന്നോണം വന്നെത്തീലോ!
അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്കാരം
എം എൻ കുമാരൻ സ്മാരക പുരസ്കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്കാരം
ടാഗോർ സ്മാരക പുരസ്കാരം
ലെനിൻ ഇറാനി സ്മാരക പുരസ്കാരം
യാനം സാഹിത്യ പുരസ്കാരം














Leave a Reply