സ്മിത എം എൽ

സമകാല ചെറുകഥാ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ് കെ . ആർ . മീര. പെൺമനസിന്റെ ഭാവതലങ്ങൾ കൃത്യതയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരി, അവളെ പൊതിയുന്ന പുരുഷലോകത്തെ ചെറുസ്പന്ദനങ്ങൾ പോലും ചേർത്തെഴുതാനും മറക്കാറില്ല. അതുകൊണ്ടുതന്നെ, പുരുഷാധിപത്യമോ ഫെമിനിസ്റ്റ് ചിന്തകളോ ഇല്ലാതെ സ്വതന്ത്രമായ ആശയങ്ങളും വൈകാരിക മുഹൂർത്തങ്ങളുമുള്ള ധാരാളം കഥകൾ ആ തൂലികയിൽ നിന്നു പിറവിയെടുത്തിട്ടുണ്ട്.അത്തരത്തിൽ വിവാഹ ബന്ധിതനും വിവാഹമോചിതയുമായ രണ്ട് വ്യക്തികളുടെ അടിച്ചമർത്തപ്പെട്ട വികാരവിചാരങ്ങളെ,സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന കഥയാണ് മോഹമഞ്ഞ.

വേണ്ട വിധം സ്നേഹിക്കപ്പെടാത്തവർ സ്നേഹത്താൽ ബന്ധിതരായപ്പോൾ സമൂഹത്തിന്റെ വേലിക്കെട്ടുകളെ ഭയന്നില്ല.അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി. പ്രായവും സ്ഥലകാലങ്ങളും തീർത്തും അപ്രസക്തമായി. മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ വാർഡിൽ കണ്ടുമുട്ടി, ഒരു ദിവസത്തെ മാത്രം പരിചയമുള്ള അവർ ചിരപരിചിതരെ പോലെ സംസാരിക്കുകയും ഒന്നായിത്തീരുകയും ചെയ്തപ്പോൾ അവളിൽ എന്നോ അണഞ്ഞു പോയ പ്രണയത്തിരി മങ്ങിമങ്ങി തെളിയുവാൻ തുടങ്ങി . കൺസൾട്ടേഷന് കാത്തിരിക്കുമ്പോൾ പരസ്പരം അറിയാതെ കണ്ണുകളുടക്കിയ നേരം അവർ പോലുമറിഞ്ഞിരുന്നില്ല, ആ നവസൗഹൃദത്തിനപ്പുറം അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി, സദാചാരവേലിക്കെട്ടുകൾ വലിച്ചെറിഞ്ഞ് ഒന്നായി തീരുമെന്ന്.അതുവരെ അവളെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ശക്തി മക്കളായിരുന്നു. അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ? മക്കളിൽ കെട്ടപ്പെട്ടു പോയ ഒരു സ്ത്രീ സ്വയം മറന്നവർക്കുവേണ്ടി ജീവിച്ചാലും, പ്രാപ്തരാകുമ്പോൾ അവർ പറന്നകലും. സ്ത്രീ അപ്പോഴും മാതൃത്വത്തിന്റെ കൂട്ടിൽ അകപ്പെട്ടുരുകി തീരും . ഇതിനിടയ്ക്കവളുടെ പ്രായവും പ്രണയവും വികാരവിചാരങ്ങളും മനസ്സിൽ ജനിച്ച്,അവിടെ തന്നെ മരണപ്പെടും . അടിച്ചമർത്തപ്പെട്ട മനസ്സിന്റെ ഇഷ്ടങ്ങളൊക്കെയും സമൂഹത്തിന്റെ പഴിചാരലുകളെ അവഗണിച്ച് ചേർത്തണയ്ക്കാൻ പലരും അശക്തരാകുമ്പോഴാണ് അവനും അവളും അവരുടെ മാത്രം ശരികളിൽ ആദിവസം അവരുടേതുമാത്രമാക്കി തീർത്തത്.

അന്നു വൈകിട്ട് തിരികെ വീട്ടിലെത്തിയ അവൾക്ക് രോഗം കൂടിയതിനാൽ രാത്രിയിൽ തന്നെ ഹോസ്പിറ്റലിലേക്ക് തിരികെ പോകേണ്ടി വരികയും മഞ്ഞപ്പിത്തമാണ് അസുഖമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രി കിടക്കയിൽ വച്ച് ഉറക്കത്തിലവൾ പലതവണ അയാളെ കണ്ടു. മയക്കത്തിൽ പോലും അയാളെ അവൾ മഞ്ഞ നിറത്തിലാണ് കണ്ടത്. മഞ്ഞ കണ്ണുകൾ,മഞ്ഞ തലമുടി,മഞ്ഞച്ചെവികൾ, മഞ്ഞ ചുണ്ടുകൾ അങ്ങനെയങ്ങനെ..രോഗം ഭേദപ്പെട്ട് വീട്ടിലെത്തി മുറ്റം വൃത്തിയാക്കുമ്പോൾ ചെടിക്കിടയിൽ കിടന്ന ഒരു പത്ര കീറിൽ അവൾ അയാളെ ഒരിക്കൽ കൂടി കണ്ടു. മഞ്ഞപ്പിത്തത്താൽ ഒരു അധ്യാപകൻ കൂടി മരിച്ചെന്നോ മറ്റോ എഴുതിയതായിരുന്നു അത്.

അവളിൽ നിന്ന് പകർന്നതായിരുന്നുവോ ആ രോഗം.അതോ, രോഗം മൂർച്ഛിച്ച അവസ്ഥയിൽ അവളുടെ തോന്നലുകളായിരുന്നുവോ അതെല്ലാം. വായനക്കാരന് ഏതുവിധത്തിലും വായിച്ചെടുക്കുവാനുള്ള പഴുതുകൾ ധാരാളമുണ്ട് ഈ കഥയിൽ.അസുഖം ശരീരത്തെ തളർത്തിയമാത്രയിൽ അതിനെ പ്രതിരോധിക്കുവാനായി മനസ്സ് കണ്ടെത്തിയ വഴികളായിരുന്നിരിക്കാം അയാളും, അവർ ഒരുമിച്ച് ചിലവഴിച്ച ലോഡ്ജ് മുറിയിലെ നിമിഷങ്ങളും നൽകിയ സന്തോഷം. ജീവിതത്തിൽ തീർത്തും ഒറ്റയ്ക്കായി പോയപ്പോൾ അവളുടെ മനസ്സ് ഒരു പുരുഷന്റെ കണ്ണുകൾ തന്നെത്തേടിയെത്തിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചിരിക്കാം.തളർന്നു വീഴുമെന്ന് തോന്നുമ്പോഴാണല്ലോ ഒരാശ്രയത്തിനായി മനസ്സ് കൊതിക്കുന്നത്.അങ്ങനെ ഡോക്ടറുടെ വിളിയ്ക്കായി കാത്തിരിക്കുമ്പോൾ, തന്നെ തേടിയെത്തുന്ന കണ്ണുകളുടെ കരുതലിൽ അവൾ സ്വയം മെനഞ്ഞെടുത്ത്, അറിഞ്ഞാസ്വദിച്ച നിമിഷങ്ങളായിരുന്നിരിക്കാം അതൊക്കെയും.ഓരോ വായനയിലും കഥ പിന്നെയും വളരുന്നുവെന്ന് തോന്നും. അതാണ് കെ. ആർ. മീരയുടെ കഥകളുടെ മാന്ത്രികത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്മിത എം. എൽ :- കേരള സർവകലാശാലയുടെ പ്രാദേശിക പഠനകേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കരുവാറ്റ റീജണൽ സെന്ററിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും സ്ഥാപനത്തിലെ അക്കാഡമിക് കോർഡിനേറ്റർ ആയും ജോലി ചെയ്യുന്നു. ചെന്നൈയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം റിസർച്ച് സ്കോളർ ആണ്. വായനയും എഴുത്തുമായും ബന്ധപ്പെട്ട”വിങ്സ് ഓഫ് ബുക്ക്സ്”എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയ രംഗത്തും സജീവമാണ്.
https://youtube.com/@wingsofbooksbysmitha?si=Us1Qc69M2xokS5sT