ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ റിപ്പോർട്ട് ചെയ്ത സാൽമൊണെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ, ചെറിയ കുട്ടികൾ, വയോജനങ്ങൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പാകം കുറവുള്ള മുട്ടയും മുട്ട ചേർത്തുണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. മയോണൈസ്, സൂഫ്ലേ, ഹോളണ്ടൈസ് സോസ് തുടങ്ങിയ പാകം ചെയ്യാത്ത മുട്ട അടങ്ങിയ വിഭവങ്ങൾ ഭക്ഷണശാലകളിൽ നിന്ന് കഴിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഒരു വർഷത്തിനിടെ 200-ലേറെ പേർക്ക് സാൽമൊണെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരിൽ വലിയൊരു വിഭാഗം ആശുപത്രിവാസം ആവശ്യമായ നിലയിലായതായും ഒരാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. യുകെയിലേക്ക് ഇറക്കുമതി ചെയ്ത മുട്ടകളുമായി രോഗവ്യാപനത്തിന് ബന്ധമുണ്ടോയെന്ന് ആരോഗ്യ അധികൃതർ അന്വേഷിച്ചുവരികയാണ്.

അതേസമയം, യുകെയിൽ ഉൽപ്പാദിപ്പിക്കുന്ന മുട്ടകൾ പൊതുവേ സുരക്ഷിതമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. സാൽമൊണെല്ലയ്‌ക്കെതിരെ കോഴികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാൽ ബ്രിട്ടീഷ് മുട്ടകളുമായി രോഗവ്യാപനത്തിന് ഇതുവരെ ബന്ധം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ മുട്ട പൂർണമായും വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.