ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലീഡ്സ് ജനറൽ ഇൻഫർമറിയിൽ ചികിത്സയ്ക്കിടെ അഞ്ചുമാസം പ്രായമുള്ള എസ്റ്റ ഹൈ എന്ന പെൺകുഞ്ഞ് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ചികിത്സാപിഴവുകൾ നിർണായകമായെന്ന് അന്വേഷണ ജൂറി കണ്ടെത്തി. 2023 നവംബറിലാണ് ഉയർന്ന പനിയും ഛർദിയുമായി കുഞ്ഞിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കുഞ്ഞിന്റെ രോഗാവസ്ഥയെ കോവിഡ് മാത്രമായി വിലയിരുത്തിയതും ബാക്ടീരിയൽ അണുബാധ കണ്ടെത്താനുള്ള പരിശോധനകൾ വൈകിയതും ചികിത്സയ്ക്ക് തടസ്സമായെന്ന് ജൂറി ചൂണ്ടിക്കാട്ടി. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുള്ള മെനിഞ്ചൈറ്റിസ് ആയിരുന്നു കുഞ്ഞിൻ്റെ മരണകാരണം. വ്യത്യസ്തമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനോ ആയുസ്സ് നീട്ടാനോ സാധിക്കുമായിരുന്നുവെന്നും ചികിത്സയിലെ വീഴ്ച മരണത്തിന് കാരണമായെന്നും ജൂറി വിലയിരുത്തി.

കുഞ്ഞിന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി ജീവനക്കാർ തങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ചില്ലെന്ന് അമ്മ ലിൻസി കാർ അന്വേഷണത്തിനിടെ പറഞ്ഞു. 40 ഡിഗ്രിക്ക് മുകളിൽ പനി ഉയരുകയും തുടർച്ചയായി ഛർദിക്കുകയും ചെയ്തിട്ടും കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചതായും മാതാപിതാക്കൾ വ്യക്തമാക്കി. പിന്നീട് കുഞ്ഞിന്റെ ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുകയും കൈകൾ വിറയ്ക്കുകയും ചെയ്തതോടെ അപസ്മാരമാണെന്ന് സംശയിച്ച് സഹായം തേടിയെങ്കിലും ആവശ്യമായ ശ്രദ്ധ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏകദേശം 55 മണിക്കൂറോളം കുഞ്ഞിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പറഞ്ഞു. നവംബർ രണ്ടോടെ കുഞ്ഞിനെ ഉണർത്താൻ കഴിയാത്ത അവസ്ഥയിലായതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് തലച്ചോറിനെയും അതിന്റെ ആവരണത്തെയും ബാധിക്കുന്ന ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും നവംബർ ആറിന് കുഞ്ഞ് മരിച്ചു. ബാക്ടീരിയൽ അണുബാധ കണ്ടെത്താനും ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കാനും അവസരങ്ങൾ നഷ്ടപ്പെട്ടതായി ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ അഭിഭാഷകരും അന്വേഷണത്തിനിടെ സമ്മതിച്ചു.

ആശുപത്രിയിൽ കുഞ്ഞിന് ലഭിച്ച പരിചരണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ഗാർത്ത്വെയ്റ്റ് സമ്മതിച്ചു. കുഞ്ഞിന്റെ മരണത്തിൽ കുടുംബത്തോട് ഹൃദയംഗമമായ ഖേദം അറിയിച്ച അവർ, അന്വേഷണത്തിലെ കണ്ടെത്തലുകളും കൊറോണറുടെ ശുപാർശകളും ഗൗരവമായി പരിഗണിക്കുമെന്നും രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. കുഞ്ഞിന്റെ രോഗലക്ഷണങ്ങൾ വഷളായിട്ടും തങ്ങളുടെ ആശങ്കകൾ അവഗണിക്കപ്പെട്ടതായി തോന്നിയെന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കളുടെ ആശങ്കകൾ ഗൗരവമായി കേൾക്കണമെന്നും എസ്റ്റയുടെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ മറ്റൊരു കുടുംബത്തിനും ഇത്തരമൊരു ദുരന്തം സംഭവിക്കാതിരിക്കണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്ന് അമ്മ പറഞ്ഞു.











Leave a Reply