ബർമിങ്ഹാമിലെ സ്പാർക്ക്ബ്രുക്ക് മേഖലയിലെ വിവാഹവേദിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബുധനാഴ്ച രാത്രി 8.30ഓടെ ഹൈഗേറ്റ് റോഡിലെ റോയൽ ഷാലിമാർ വേദിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ അതിഥികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോൾ ലംബോർഗിനിയും മക്ലാരനും ഉൾപ്പെടെ രണ്ട് കാറുകൾക്ക് തീപിടിച്ചു.

മൂന്ന് പെട്രോൾ ബോംബുകൾ ആണ് വേദിയുടെ പ്രവേശന ഭാഗത്തേക്കും കാറുകൾക്ക് നേരെയും എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ സംഭവത്തിന് പിന്നാലെ വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിവാഹവേദിയിലെ അതിഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയതെന്ന് റോയൽ ഷാലിമാർ അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ദൃക്സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 101 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അഭ്യർഥിച്ചു.











Leave a Reply