യുകെയിൽ സർവകലാശാല പഠനത്തിനായി വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർവകലാശാല പ്രവേശനത്തിനായി അപേക്ഷ അംഗീകരിക്കപ്പെട്ട 81,000ത്തിലേറെ 18 വയസ്സുകാരാണ് ഇത്തവണ വീട്ടിൽ നിന്ന് തന്നെ പഠിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ഈ വിഭാഗത്തിലെ വിദ്യാർഥികളുടെ മൂന്നിലൊന്നിലേറെയാണ്. 2017ൽ അഞ്ചിൽ ഒരാൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ച് പഠിക്കാൻ തീരുമാനിച്ചിരുന്നത്. സ്കോട്ട് ലൻഡിൽ 48 ശതമാനം വിദ്യാർഥികളും വീട്ടിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചപ്പോൾ വെയിൽസിൽ ഇത് 20 ശതമാനമാണ്.

ജീവിതച്ചെലവും വിദ്യാർഥി താമസസൗകര്യങ്ങളുടെ ഉയർന്ന വാടകയുമാണ് തീരുമാനത്തിന് പ്രധാന കാരണം. സെന്റ് ഹെലൻസിൽ നിന്നുള്ള ബിയാട്രിസും അമേലിയയും സെപ്റ്റംബറിൽ സർവകലാശാല പഠനം ആരംഭിക്കുമ്പോഴും വീട്ടിൽ തന്നെ താമസിക്കാനാണ് തീരുമാനം. മാഞ്ചസ്റ്റർ സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിക്കുന്ന ബിയാട്രിസിന് ട്രെയിനിൽ ഏകദേശം 50 മിനിറ്റ് യാത്ര ചെയ്യേണ്ടിവരും . ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിൽ പഠിക്കാനൊരുങ്ങുന്ന അമേലിയ കണ്ടെത്തിയ താമസസൗകര്യത്തിന് ആഴ്ചയിൽ 300 മുതൽ 400 പൗണ്ട് വരെയാണ് വാടക. താമസച്ചെലവ് ‘വളരെ കൂടുതലും അസഹനീയവുമാണ്’ എന്നാണ് മറ്റൊരു വിദ്യാർഥിയായ ജെസിക്കയുടെ പ്രതികരണം. വീട്ടിൽ താമസിക്കുന്നതിലൂടെ വാടക ലാഭിക്കാമെങ്കിലും യാത്രയ്ക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്ന് വർഷത്തെ ബിരുദ പഠനകാലത്ത് ട്യൂഷൻ ഫീസ് ഒഴികെ കുറഞ്ഞ സാമൂഹിക ജീവിത നിലവാരം നിലനിർത്താൻ ഒരു വിദ്യാർഥിക്ക് ഏകദേശം 61,000 പൗണ്ട് ആവശ്യമായി വരുമെന്ന് ഹയർ എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കണക്കാക്കിയിരുന്നു. വിദ്യാർഥി താമസസൗകര്യങ്ങളുടെ വാടകയ്ക്കൊപ്പം മറ്റ് ജീവിതച്ചെലവുകളും ഉയർന്നതോടെ പലരും പഠനത്തോടൊപ്പം ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വീട്ടിൽ നിന്ന് പഠിക്കുന്നതിലൂടെ താമസം മാറുന്നതിനുള്ള ചെലവും ഉയർന്ന വാടകയും ഒഴിവാക്കാനാകുമെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർവകലാശാല ക്യാംപസിലെ ജീവിതം വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹിക അനുഭവങ്ങൾക്കും പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.