മെട്രിസ് ഫിലിപ്പ്
“മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ”….
മലയാളം യു കെയുടെ എല്ലാ വായനക്കാർക്കും ഓണാശംസകൾ.
ഗ്രഹാതുരത്വത്തിന്റെ, സ്മരണകൾ ഉണർത്തികൊണ്ട്, മഹാബലി തമ്പുരാനെ വരവേൽക്കാൻ, ചിങ്ങ മാസത്തിലെ ഓണം നാളുകൾകായ്, നാടും, മറു നാടും ഒരുങ്ങി കഴിഞ്ഞു. കൊല്ലവർഷം 1202, ചിങ്ങം 1, മലയാളം മാസത്തിലെ പുതു വർഷം, 2026 ഓഗസ്റ്റ് 17ന് ആയിരുന്നു. പത്തു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഓണം ആഘോഷങ്ങൾ ആരംഭിക്കുന്ന ദിനം. മലയാളികൾ എവിടെയൊക്കെ ഉണ്ടോ അവിടെ ഓണം ആഘോഷം ഉണ്ടാകും. കേരളത്തിൽ ഒരു വാരം മാത്രമേ ആഘോഷങ്ങൾ ഉണ്ടാകു, എന്നാൽ ലോകം മുഴുവൻ ഉള്ള പ്രവാസി മലയാളികൾക്ക് മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണ്.
സിങ്കപ്പൂരിൽ, ജൂലൈ 19 ന്, വള്ളംകളിയോടെ ആരംഭിച്ചു. വിവിധ കമ്മ്യൂണിറ്റി ക്ലബ്‌കൾ, വിവിധ അസോസിയേഷൻ, മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകൾ ഉൾപ്പടെയുള്ളവർ എല്ലാം ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ അവസാനം വരെ നീണ്ടു നിൽക്കുന്ന, ഗംഭീരമായ കമ്പോങ് (നാട്ടിൻ പുറം )രീതിയിൽ ഉള്ള ഓണാഘോഷമാണ് എല്ലായിടത്തും. ഓണ പൂക്കളവും, കളികളും, സദ്യയും, വടം വലിയും ഉൾപ്പടെ, ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഓണം ആഘോഷം.
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ച പുതച്ച നെൽപാടങ്ങളും പുഴകളും തോടുകളും നദികളും വനങ്ങളും നിറഞ്ഞ കേരളം. നാട്ടു രാജാക്കന്മാർ ഭരണം നടത്തിയും, കലാ സാംസ്‌കാരിക വാണിജ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും നാടൻ കലാരൂപങ്ങളും നൃത്തങ്ങളും നാടൻ പാട്ടുകളും അരങ്ങേറിയ കേരളം. ആ പഴയകാല കേരളത്തിന്റെ ഓർമ്മകളിൽ എന്നും സന്തോഷം കണ്ടെത്തുന്ന മലയാളികൾ.
നൂറ്റാണ്ടുകൾക്കു മുമ്പ് മഹാബലിത്തമ്പുരാൻ നാടു വാണ ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടം വളരെയധികം സുന്ദരമായിരുന്നു. കള്ളവും ചതിയും ഇല്ലാത്ത കാലം. എവിടേയും സന്തോഷവും പരസ്‌പര സ്നേഹവും മാത്രം. തൻ്റെ പ്രജകളെ കാണുവാൻ ആ മഹാബലിത്തമ്പുരാൻ്റെ വരവാണ് നമ്മൾ ഓണമായി ആചരിക്കുന്നത്. ഓണക്കാലം എന്നു കേട്ടാൽ നമ്മുടെ മനസിലേക്ക് ഒരായിരം ചിന്തകളും സന്തോഷകരമായ മുഹൂർത്തങ്ങളുമാണ് കടന്നുവരുന്നത്. കേരളത്തിൽ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് ഓണം. സംസ്ഥാന ഗവർമ്മെൻ്റ് ടൂറിസം വാരമായി ആഘോഷിക്കുന്നത് ഓണക്കാലത്താണ്. കേരളത്തിൻ്റെ തനത് കലാ രൂപങ്ങൾ പ്രകടിപ്പിക്കുന്നതും ഈ സമയത്തുതന്നെ.
ഓണക്കാലം ആഘോഷങ്ങളുടേയും കലാ കായിക മത്സര ങ്ങളുടേയും സമയമാണ്. നാടൻ പാട്ടുകളും നാടൻ കളികളും ഒത്തു ചേരുന്നു. പഞ്ഞക്കർക്കിടകം മാറി ചിങ്ങം പിറക്കുമ്പോൾത്തന്നെ മലയാളികളുടെ മനസിൽ സന്തോഷത്തിൻ്റെ അലയടികളാണ്. ഫുട്ബോൾ, തലപ്പന്തുകളി, കുട്ടിയും കോലും, ചീട്ടുകളി, സുന്ദരിക്കൊരു പൊട്ടുതൊടൽ, വാഴയിൽ കേറ്റം, ചുണ്ടൻ വള്ളംകളി എന്നിങ്ങനെ വിവിധയിനം മത്സരക്കളികൾ അരങ്ങേറുന്ന ഓണക്കാലത്ത് വളരെ വാശിയോടെയാണ് കേരളീയർ ഈ മത്സരങ്ങളിൽ പങ്കു ചേരുന്നത്. ഓണത്തിന് ഒരാഴ്‌ച മുമ്പേ വീടും പരിസരവും ശുചിയാക്കും. ഓണസദ്യക്കുള്ള സാധനങ്ങൾ എല്ലാം മുമ്പേ ഒരുക്കിവച്ചിരിക്കും. കുടുംബാംഗങ്ങൾ എല്ലാം ഒത്തു ചേർന്ന് പൂക്കളം ഒരുക്കുകയും ഓണസദ്യ ഒരുക്കുകയും തുടർന്ന് കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് വാഴയിലയിട്ട് വിഭവസമൃദ്ധമായ ഓണ സദ്യ ഉണ്ട് ആഘോഷിക്കുന്നു. സിങ്കപ്പൂരിലെ മലയാളികൾക്ക് എല്ലാ വർഷവും ഓണം വലിയ ആഘോഷം തന്നെയാണ്.
പ്രവാസി ലോകത്തിൽ, തിരുവോണത്തിൻ്റെ അന്ന് വീടുകളിൽ കുടുംബാംഗങ്ങൾ എല്ലാരും ഒത്തുചേർന്ന് ഓണം ആഘോഷിക്കുവാൻ സാധിച്ചില്ലങ്കിൽ കൂടി, മറ്റൊരു ദിവസം ജോലി എല്ലാം ഒഴിവാക്കി ഉച്ചക്കോ അല്ലെങ്കിൽ വൈകിട്ടോ ഓണസദ്യയുണ്ട് ആഘോഷിക്കുന്നു. ഓണക്കളികളും ബോട്ട് റെയ്‌സും സാംസ്‌കാരിക സമ്മേളനങ്ങളും കലാസന്ധ്യയും ഓണസദ്യയുമൊരുക്കി പ്രവാസി ലോകം ഓണം ആഘോഷിക്കുന്നു. മധുരകരവും സുന്ദരവുമായ നല്ല ഓർമ്മകളെ താലോലിച്ചുകൊണ്ട് ഓണക്കാലം നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും സ്നേഹവും നന്മയും നിറഞ്ഞ ഒരായിരം ഓണാശംസകൾ.
മെട്രിസ് ഫിലിപ്പ് : – കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു. ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore














Leave a Reply