റജി വർക്കി
ഓണപ്പരീക്ഷയുടെ അവസാന ദിവസം എന്നത് ഞങ്ങളുടെ കുട്ടിക്കാലത്ത് വെറുമൊരു പരീക്ഷാദിവസമായിരുന്നില്ല. ഓണാഘോഷത്തിനുള്ള സ്വാതന്ത്ര്യദിനമായിരുന്നു!
പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയാൽപിന്നെ പുസ്തകത്തോടും പഠനത്തോടും ഒരു ഔദ്യോഗിക വിടപറച്ചിലാണ്.
“ഇനി ഓണം കഴിഞ്ഞിട്ട് കാണാം!” എന്ന ഭാവത്തിൽ പുസ്തകം ഷെൽഫിലേക്കൊരു തള്ള്. പേന എവിടെ വീണാലും പ്രശ്നമില്ല.
സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ യൂണിഫോം മാറാൻ പോലും ക്ഷമയില്ല. മനസ്സ് അതിനകം പറമ്പിലും ഊഞ്ഞാലിലുമൊക്കെ എത്തിക്കഴിഞ്ഞിരിക്കും.
ഓണക്കാലത്ത് ഞങ്ങളുടെ പ്രധാന വിഹാര കേന്ദ്രം അമ്മയുടെ ചേടത്തിയുടെ വീടായിരുന്നു. വീട്ടിൽ നിന്ന് അല്പം അകലെയാണ്. അല്ലെങ്കിലും ദുനിയാവിലെ മുസാഫിർ ആകാൻ നടക്കുന്നവർക്ക് എന്ത് ദൂരം!
എന്ത് കുന്നായ്മയും കാണിക്കാൻ അവിടെ ഇടങ്ങഴി പിള്ളേരുണ്ട്.
ഓണക്കാലം ആയതുകൊണ്ട് മുറ്റത്തെ പറങ്കിമാവിൽ ഒരു ഗംഭീര ഊഞ്ഞാലും കെട്ടിയിട്ടുണ്ട്.
പക്ഷേ ആ ഊഞ്ഞാലിന്റെ ഭൂമിശാസ്ത്രം ഐ മീൻ ജിയോയോളജി – അല്പം അപകടകരമായിരുന്നു.
ഊഞ്ഞാൽ കെട്ടിയിരിക്കുന്ന ഭാഗം വരെ പറമ്പ് നല്ല നിരപ്പാണ്. അതിനപ്പുറം ഭൂമി പെട്ടെന്ന് കുത്തനെ താഴേക്ക് ഇറക്കമാണ്. താഴെ കുഞ്ഞൂട്ടിച്ചായന്റെ വാഴത്തോട്ടം. അതിനപ്പുറം അദ്ദേഹത്തിന്റെ (കു) പ്രസിദ്ധമായ കുളിമുറി.
ഇന്നത്തെപ്പോലെ ടൈലും ഷവറും ഗ്ലാസ് ഡോറുമുള്ള ബാത്ത്റൂമൊന്നുമല്ല.
ഓലകൊണ്ട് നാലുവശവും മറച്ചിട്ടുണ്ട്. മേൽക്കൂര കുഞ്ഞൂട്ടിച്ചായന് അനാവശ്യമായ ആർഭാടമായി തോന്നിയിരുന്നിരിക്കണം.
അതുകൊണ്ട് അകത്തുനിന്ന് കുളിക്കുന്നവന് ആകാശം കാണാം. പുറത്തുനിന്ന് ശരിയായ ഉയരത്തിൽ പറക്കുന്നവന് അകവും കാണാം! പക്ഷെ ഞങ്ങൾ കുട്ടികൾക്ക് അതൊന്നും വലിയ വിഷയമല്ല. ഞങ്ങളുടെ ലോകം ഊഞ്ഞാലും ഓട്ടവും ചാട്ടവും മാത്രം.
അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളേക്കാൾ നാലഞ്ച് വയസ് പ്രായം കൂടുതലുള്ള മാത്തപ്പൻ അഥവാ മാത്തുക്കുട്ടി ഞങ്ങൾ ഊഞ്ഞാലാടുന്ന സ്ഥലത്തേക്ക് വരുന്നത്.
പേര് സാങ്കൽപ്പികം.
സ്വഭാവം അത്ര സാങ്കൽപ്പികമല്ല.
പണ്ടേ ഇവനെ ഞങ്ങൾക്ക് കണ്ടുകൂടാ, വെറും പാഴാണ്. വെറുപ്പിക്കലിന്റെ ആശാൻ ആണ്. പോരാത്തതിന് താൻ വലിയ എന്തോ ആണെന്ന് ഒരു ഭാവവും. പിന്നെ താൻ എന്തോ നാട്ടിലെ ഗുണ്ടയാണെന്നൊരു ഭാവത്തിൽ നടക്കുക – ഇതൊക്കെയാണ് പ്രധാന വിനോദങ്ങൾ. അതുകൊണ്ട് കുട്ടികൾക്കൊക്കെ കുറച്ചധികം ഭയം ഉണ്ട്.
പക്ഷേ മുതിർന്നവരുടെ മുന്നിൽ ആൾ വളരെ മാന്യനാണ്.
“അച്ചായാ… ചേടത്തീ…”
ബഹുമാനത്തിന് ഒരു കുറവുമില്ല.
പള്ളിയിലൊക്കെ കണ്ടാൽ നല്ല അടക്കവും ഒതുക്കവും.
ഞങ്ങൾ വീട്ടിൽ പരാതി പറഞ്ഞാലും ആരും കാര്യമായി വിശ്വസിക്കില്ല.
പണ്ട് സേവേറിയോസ് തിരുമേനി ഞങ്ങളുടെ പള്ളിയിൽ എഴുന്നള്ളി ഇരിക്കുന്ന കാലം. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പള്ളിയിൽ അൾത്താര ബാലന്മാരായി നിൽക്കുന്നത്.
എന്തുകൊണ്ടോ മാത്തുക്കുട്ടിയെ തിരുമേനിക്ക് വലിയ ഇഷ്ടമായി. അതിന് കാരണവും ഉണ്ടായിരുന്നു.
ഇവൻ പള്ളിയിൽ കയറിയാൽ പിന്നെ കാണുന്നതെല്ലാം മുത്തിയാണ് മുന്നോട്ട് പോകുന്നത്. മദ്ബഹായുടെ തൂണുകൾ, ചാരുപടി, ത്രോണോസ്, ഏവൻഗേലിയോൺ മേശ, ബൈബിൾ, ആരാധനാപുസ്തകങ്ങൾ… ഒന്നിനെയും വെറുതെ വിടില്ല.
ഞങ്ങൾക്കൊക്കെ തോന്നും: ഇവൻ പള്ളിയിലേക്ക് വരുന്നത് പ്രാർത്ഥിക്കാനാണോ, അതോ പള്ളിയിലെ സാധനങ്ങളുടെ കണക്കെടുക്കാനാണോ?
ഒരു ദിവസം തിരുമേനി മാത്തുക്കുട്ടിയെ അടുത്തേക്ക് വിളിച്ചു. “എന്റെ കൂടെ അരമനയിലേക്ക് പോരുന്നോ?” എന്ന് ചോദിച്ചു. അന്ന് ആശാന്റെ കാലുകൾ നിലത്തല്ലായിരുന്നു.
ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് വലിയ കാര്യത്തിൽ:
“കണ്ടോടാ… നീയൊക്കെ ഇത്രയും കാലം ഇവിടെ നിന്നിട്ട് എന്തായി? എന്നെ മാത്രമല്ലേ തിരുമേനി അരമനയിലേക്ക് വിളിച്ചുള്ളൂ!”
ഞങ്ങൾ പരസ്പരം നോക്കി. തിരുമേനിക്ക് ഇതെന്തു പറ്റി? എന്ന ഭാവത്തിൽ.
പക്ഷേ കുറച്ചുദിവസം കഴിഞ്ഞ് തിരുമേനി വീണ്ടും മാത്തുക്കുട്ടിയെ കണ്ടു.
“എന്റെ കൂടെ അരമനയിലേക്ക് വരുന്നതൊക്കെക്കൊള്ളാം… പക്ഷേ വിവാഹം കഴിക്കാത്ത വൈദികനാകാനാണ് വരേണ്ടത്.” എന്ന് പറഞ്ഞു.
അടുത്ത നിമിഷം തിരുമേനി തിരിഞ്ഞുനോക്കിയപ്പോൾ—മിസ്റ്റർ മാത്തുക്കുട്ടിയെ കാണാനില്ല!
മാത്തുക്കുട്ടിയുടെ അരമനയിലേക്കുള്ള ദൈവവിളി അവിടെവെച്ച് അവസാനിച്ചു.
കാരണം ആ സമയത്ത് ആശാന് നാട്ടിൽ തന്നെ രണ്ടുമൂന്ന് “ലൈൻ” സജീവമായി ഓടുന്നുണ്ടായിരുന്നു.
എന്റെ അപ്പൻ ഒക്കെ പറയുന്നത്,ഇവൻ അച്ചായാ എന്ന് തികച്ചു വിളിക്കില്ല എന്നാണ്. ഞങ്ങൾക്കല്ലേ ഇവന്റെ ഊള സ്വഭാവം അറിയൂ.
അവനു ഞങ്ങളുടെ ഊഞ്ഞാലിൽ കയറണമെന്നൊരു മോഹം. ഒന്നാമതേ ഊഞ്ഞാൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് ആണ്. വലിയവർക്ക് അത്ര ശരിയാവില്ല.
ഞങ്ങൾ വളരെ ബഹുമാനത്തോടെ ഉണർത്തിച്ചു.
“മാത്തുച്ചായാ, ഇത് കുട്ടികൾക്കുള്ള ഊഞ്ഞാലാ.” നിങ്ങൾക്ക് ഇത് പറ്റില്ല.
മാത്തുക്കുട്ടി ഞങ്ങളെ ഒന്ന് നോക്കി.
അത് സാധാരണ നോട്ടമല്ല. ‘നിങ്ങൾ ഇന്നലെ ജനിച്ചവരാണ്; ഞാൻ ഊഞ്ഞാലാട്ടത്തിൽ ഡിഗ്രി എടുത്തവനാണ്’ എന്ന നോട്ടം.
ഇനി എന്തെലും പറഞ്ഞാൽ ഇടി ആകും അടുത്തത്, അതുകൊണ്ട് ഞങ്ങൾ മാറിനിന്നു. ഇനി ഇവന് എന്തേലും കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഞങ്ങൾക്കോ പറ്റില്ല.
“ഓ… നിങ്ങളൊക്കെ മാറിക്കേ!” എന്ന് പറഞ്ഞ് അദ്ദേഹം ഊഞ്ഞാലിൽ കയറി.
ആദ്യത്തെ രണ്ട് ആട്ടം സാധാരണ. പിന്നെ എഴുന്നേറ്റു നിന്നായി കസർത്ത്.
മൂന്നാമത്തേത് കുറച്ചു സ്പീഡ് കൂടി.
നാലാമത്തേത് മുതൽ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പൈലറ്റിന്റെ ഗൗരവം.
ഞങ്ങൾ താഴെനിന്ന് നോക്കുമ്പോൾ ഇയാൾ ഊഞ്ഞാലാടുകയാണോ, അതോ കുഞ്ഞൂട്ടിച്ചായന്റെ കുളിമുറിയിൽ ആരെങ്കിലും ഉണ്ടോ എന്ന് ഏരിയൽ സർവേ നടത്തുകയാണോ എന്നൊരു സംശയം!
ഓരോ തവണ മുന്നോട്ടു പോകുമ്പോഴും തല നീട്ടി താഴേക്ക് ഒരു നോട്ടം.
എന്നിട്ടു പിന്നിലേക്ക്. ഞങ്ങളെ ഒക്കെ പരമ പുച്ഛത്തിൽ ഒരു നോട്ടം, നോക്കടെ ഇങ്ങനെ ആണ് ഊഞ്ഞാൽ ആടേണ്ടത്.
വീണ്ടും മുന്നിലേക്ക്.
കുറച്ചു കൂടി ശക്തിയിൽ.
“മാത്തുക്കുട്ടിച്ചായാ, മതി…” അത് ഇവനോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ചു ഊഞ്ഞാലിന് എന്തേലും പറ്റിയാൽ പണി പാളും. ആരുടെയൊക്കെ കാലു പിടിച്ചിട്ടാണ് ഈ ഊഞ്ഞാലൊന്ന് കെട്ടിക്കിട്ടിയത്!
ഞങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം കേൾക്കുന്നില്ല.
ഇപ്പോൾ ഊഞ്ഞാലിന്റെ വേഗം കണ്ടിട്ട് ഞങ്ങൾക്കും പേടി തുടങ്ങി.
അടുത്ത ആട്ടത്തിൽ മാത്തുക്കുട്ടി ഏതാണ്ട് തെങ്ങിന്റെ മുകളിലേക്കെത്തി.
പിന്നെ സംഭവിച്ചത് ഇന്നും സ്ലോ മോഷനിൽ ഓർമ്മയുണ്ട്.
ഊഞ്ഞാൽ മുന്നോട്ട് പോയി
മാത്തുക്കുട്ടിയുടെ കൈ എങ്ങനെയോ വിട്ടു…
ആ നിമിഷം മാത്തുക്കുട്ടിയും ഊഞ്ഞാലും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചു.
ദേ പോകുന്നു മാത്തുക്കുട്ടി!
ഞങ്ങൾ വായും പൊളിച്ച് നോക്കി നിന്നു.
അതിനിടയിലാണ് മറ്റൊരു ദുരന്തം.
ആശാൻ ഉടുത്തിരുന്ന കൈലി ഊഞ്ഞാലിന്റെ എവിടെയോ ഒന്ന് കുടുങ്ങി.
മാത്തുക്കുട്ടി മുന്നോട്ടുപോയി.
കൈലി പിന്നിൽ നിന്നു.
രണ്ടും തമ്മിൽ ഒരു നിമിഷം ആലോചിച്ചിട്ട്—
കൈലി ഊഞ്ഞാലിനോടൊപ്പം തുടരാൻ തീരുമാനിച്ചു.
മാത്തുക്കുട്ടി സ്വതന്ത്രമായി യാത്ര തുടർന്നു. അതായത് പരമ നിസ്വൻ ആയിട്ടാണ് മാത്തുക്കുട്ടിയുടെ ക്രാഷ് ലാൻഡിംഗ് ഉദ്യമം.
മാത്തുക്കുട്ടി അതാ വായുവിലൂടെ നേരെ താഴേക്ക്!
ദേ പോകുന്നു കുഞ്ഞൂട്ടിച്ചായന്റെ ഓണത്തിന് വെട്ടാൻ നിർത്തിയിരിക്കുന്ന വാഴകൾ.
നിരനിരയായി നിന്നിരുന്ന കുറെ വാഴകൾ, വീഗാലാന്റിൽ ഏതോ റൈഡിൽ പോകുന്നത് പോലെ ഓരോ മാടിയിൽ നിന്നും കുഞ്ഞൂട്ടിച്ചായന്റെ മറപ്പുര ലക്ഷ്യമാക്കി ഒരു പോക്കായിരുന്നു.
ദോഷം പറയരുത്, ചിരപുരാതനമായ ഒരു ജെട്ടി ഇട്ടിട്ടുണ്ട്. ഇതൊക്കെ എന്ന് തുടങ്ങിയോ എന്തോ.
ഒരു എയർ ഇന്ത്യ വിമാനം റൺവേ വിട്ട് എങ്ങോട്ടോ പോയതുപോലെ, നമ്മുടെ മാത്തുക്കുട്ടി കുഞ്ഞൂട്ടിച്ചായന്റെ വാഴത്തോട്ടത്തിലൂടെ ഓടിച്ചു പോവുകയാണ്.
പക്ഷേ യാത്ര അവിടെയും തീർന്നില്ല.
വാഴകളെല്ലാം മറികടന്ന് അവസാനമായി—
നേരെ കുഞ്ഞൂട്ടിച്ചായന്റെ ഓലകൊണ്ടുള്ള കുളിമുറിയുടെ മുകളിൽ!
വീണിതല്ലോ കിടക്കുന്നു കുളിമുറിയിൽ വാഴയിലയുമണിഞ്ഞയ്യോ ശിവ! ശിവ!.
ഞങ്ങൾ മുകളിൽ നിന്ന് താഴേക്ക് നോക്കി, ഇവൻ എവിടെപ്പോയി എന്നറിയാൻ നിൽക്കുകയാണ്.
മാത്തുക്കുട്ടി വാഴയിലയും ഓലയും ഒക്കെ തലയിൽ ചുറ്റി എവിടെയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു.
അന്നേരം കുളിമുറിക്കുള്ളിൽ നിന്നിരുന്ന കുഞ്ഞൂട്ടിച്ചായന്റെ ഭാര്യ ശോശാമ്മ ചേടത്തി, ഉൽക്ക വീണതാണോ അതോ നെടുമ്പാശ്ശേരിയിൽ നിന്ന് പറത്തിവിട്ട വിമാനം വീണതാണോ എന്നറിയാതെ അൽപനേരം ഉത്കണ്ഠാകുലയായി നിന്നിട്ട് കാര്യം മനസിലായപ്പോൾ:
“ഈ നാറി… പകലും തുടങ്ങിയോ?!”
ആരെയാണ് ഉദ്ദേശിച്ചതെന്ന് ഇന്നും ഉറപ്പില്ല.
അത്രയും നേരം പേടിച്ച് നിന്ന ഞങ്ങളുടെ സംഘം അവിടെത്തന്നെ പൊട്ടിച്ചിരിച്ചു.
ഭാഗ്യത്തിന് വാഴയുടെ മുകളിലൂടെ പോയത് കൊണ്ട് രണ്ടു കയ്യിലും കുറച്ചു പെയിന്റ് പോയത് ഒഴിച്ചാൽ കാര്യമായ പരിക്കൊന്നും ആശാന് പറ്റിയില്ല. അല്ലെങ്കിലും ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്ന് വേദപാഠ ക്ളാസിൽ പഠിച്ചിട്ടുണ്ടല്ലോ.
ഗുരുത്വമുണ്ട്, കുളിമുറിക്കപ്പുറത്ത്, കുഞ്ഞൂട്ടിച്ചായന്റെ പശുത്തൊഴുത്തും ചാണകക്കുഴിയും ഉണ്ടായിരുന്നു. കുറച്ചുകൂടി സ്പീഡുണ്ടായിരുന്നെങ്കിൽ,…
മാത്തുക്കുട്ടിക്ക് വീണതിന്റെ വേദനയാണോ,ശോശാമ്മ ചേടത്തിയുടെ ചോദ്യം കേട്ടതിന്റെ നാണക്കേടാണോ അതോ പരമ നിസ്വനായി ക്രാഷ് ലാൻഡ് ചെയ്തതിന്റെ വേദനയാണോ കൂടുതൽ എന്ന് ഇന്നും അറിയില്ല.
പക്ഷേ അതിനുശേഷം ഒരു കാര്യം ഉറപ്പായി.
പിന്നീട് ഞങ്ങളുടെ ഊഞ്ഞാലിൽ കയറാൻ മാത്തുക്കുട്ടി വന്നിട്ടില്ല.
കുറച്ചുകാലം കഴിഞ്ഞപ്പോൾ കുഞ്ഞൂട്ടിച്ചായൻ ആ ഓലക്കുളിമുറി പൊളിച്ച് ഇഷ്ടികകൊണ്ട് കെട്ടി മുകളിൽ ഷീറ്റും ഇട്ടു.
ഇനി ക്രാഷ്ലാൻഡ് ചെയ്താൽ കളി മാറും.
ആ പഴയ പറങ്കിമാവ് ഇന്നും അവിടെയുണ്ട്. കാലത്തിന് സാക്ഷിയായി.
ഓണം വരുമ്പോൾ പൂക്കളവും സദ്യയും ഒക്കെ ഓർമ്മ വരും.
എങ്കിലും പഴയ ഓണക്കാലം ഓർക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ആ പറങ്കിമാവും, ഊഞ്ഞാലും, കുഞ്ഞൂട്ടിച്ചായന്റെ വാഴത്തോട്ടവും, മേൽക്കൂരയില്ലാത്ത കുളിമുറിയും…
പിന്നെ ഊഞ്ഞാലിൽ തൂങ്ങിക്കിടക്കുന്ന അനാഥമായ ഒരു കൈലിയും,
താഴെ വാഴയില ചൂടി പരമ നിസ്വനായി നിൽക്കുന്ന മാത്തുക്കുട്ടിയും.
അന്നായിരുന്നു ഞങ്ങളുടെ നാട്ടിൽ ആദ്യമായും അവസാനമായും സർവീസ് നടത്തിയ—
മാത്തുക്കുട്ടി എയർലൈൻസ്.
അദ്യത്തിനെ ഇന്നും ആളുകൾ ഊഞ്ഞാൽ എന്നാണ് വിളിക്കുന്നത്. യഥാർത്ഥ വിളിപ്പേര് പറയുന്നില്ല,
നോട്ട്…:
ഈ കഥയ്ക്കോ കഥാ പാത്രങ്ങൾക്കോ (ഞാൻ ഒഴിച്ച്) ജീവിച്ചിരിക്കുന്നവരോ മരിക്കാത്തവരോ ആയി ആരോടും ബന്ധമില്ല… എനിക്ക് ഇടക്കൊക്കെ നാട്ടിൽ പോകേണ്ടതാ..
റജി വർക്കി :- അനേകം വർഷങ്ങൾ ആയി ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ളണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച് എസ് ഹോസ്പിറ്റലിൽ നഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.














Leave a Reply