കെ . ആർ.മോഹൻദാസ്
ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു. കറുത്തു മെലിഞ്ഞ ഒരു പെൺകുട്ടി,
വസന്തകാലസ്വപ്നം പോലെ മയങ്ങിക്കിടക്കുന്ന കറുത്ത പാതയിലൂടെ വൈകുന്നേരം കുട്ടി സ്കൂളിൽനിന്നും വീട്ടിലേക്കു പോകുകയായിരുന്നു. പാത വിജനമായിരുന്നു. പാതയിൽ തണൽമരങ്ങളുടെ കൂറ്റൻ നിഴലുകൾ ചത്തു കിടന്നിരുന്നു. ആ തണുത്ത നിഴലുകളിൽ കൊച്ചു പാദങ്ങളമർന്ന പ്പോൾ കുട്ടി രോമാഞ്ചമണിഞ്ഞു. രാത്രിയിലെ മഞ്ഞുതുള്ളികൾ ഇലകളിൽ തെന്നിത്തുളുമ്പി നിന്നു. മരപ്പച്ചകളുടെ വിതാനത്തിനു മുകളിൽ, ആകാശമണൽപ്പുറത്ത് ചുവന്ന രത്നക്കല്ലുപോലെ സൂര്യൻ തിളങ്ങി. ആകാശ ത്തിന്‍റെ തുളകളിലൂടെ ഹിമകണങ്ങൾ ഊർന്നു വീണുകൊണ്ടിരുന്നു. സൂര്യകിരണങ്ങൾക്കു ചൂടില്ലായിരുന്നു. വെളിച്ചവും മഞ്ഞും കൂടിക്കുഴഞ്ഞ പാത അവ്യക്തമായികിടന്നു. പാടലവർണം കലർന്ന മഞ്ഞും മരക്കൂട്ടങ്ങൾക്കിട യിലൂടെ വീശിപ്പോയ കാറ്റും കുട്ടിയെ കെട്ടിപ്പുണർന്നു. ഇലപ്പടർപ്പുകൾക്കിടയിലൂടെ തന്‍റെ വീടിൻ്റെ രണ്ടാം നിലയിലെ ജാലകം കണ്ടപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. വീടിൻ്റെ ഇരുമ്പുഗെയിറ്റിൽ പിടിച്ച് കുട്ടി രണ്ടാം നിലയിലെ ജാലകത്തിലേക്കു കണ്ണോടിച്ചു. നിലക്കണ്ണാടിയിൽ തലമുടി കോതിയൊതുക്കുന്ന അമ്മയെ അവൾ കണ്ടു. അമ്മ എങ്ങോ പോകാൻ തയാറെടുക്കുകയാണ്. നടപ്പടിയിൽ ചെരുപ്പൂരിയിട്ടശേഷം അവൾ അകത്തേക്കു കയറി. വരാന്തയിൽ ഉറങ്ങിക്കിടന്ന പോമറേനിയൻ നായ്ക്കുട്ടി തല ഉയർത്തി നോക്കി. വാൽ ചെറുതായൊന്നാട്ടിയശേഷം വീണ്ടും ചുരുണ്ടു. മാര്‍ബിള്‍ തറയിൽ വെളുത്തരോമങ്ങൾ ചിതറിക്കിടന്നിരുന്നു.
കുട്ടിക്ക് ഓക്കാനം വന്നു.
നായയുടെ രോമം വയറ്റിൽ പോയാൽ ഭ്രാന്തുവരുമെന്ന് മുത്തശ്ശി പറഞ്ഞത് അവളോർത്തു. ശബ്ദമുണ്ടാക്കാതെ മുറിയിലേക്കു കയറി. വെളുത്ത സ്കൂൾ ബാഗ് നിറയെ ചെളിയാണ്. ബാഗിന്‍റെ ബക്കിൾ അടർന്നു പോയിട്ടുണ്ട്. ഇന്നലെ ക്ലാസിൽ വച്ചു റോണി വലിച്ചു പൊട്ടിച്ചതാണ്. പകരം അവന്‍റെ പെൻസിൽ കുത്തിയൊടിച്ചതോർത്തപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. ബാഗ് ഭിത്തിയിൽ തറച്ച ആണിയിൽ തൂക്കിയശേഷം സ്റ്റെയർകെയ്സ് കയറി കുട്ടി മുകളിലെത്തി. പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെവേണം നടക്കാൻ. നടക്കുമ്പോൾ ഒച്ച കേൾപ്പിക്കരുതെന്നാണ് അമ്മയുടെ നിയമം.
ഇ ന്നാളൊരു ദിവസം വരാന്തയിലൂടെ വെറുതെ ഒന്നോടിയതിന് അമ്മ പറഞ്ഞ ചീത്തയ്ക്കു കണക്കില്ല.
“പെര മറിച്ചിടാനാണോ ഭാവം?”
അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു. കുട്ടി പേടിച്ചു പോയി. വരാന്തയിലൂടെ ഒന്നോടിയാൽ പുര മറിഞ്ഞു വീഴുമോ? അമ്മയ്ക്ക ഭ്രാന്തു തന്നെ. അമ്മ നിലക്കണ്ണാടിക്കു മുന്നിലാണ്. ശ്രദ്ധയോടെ ചുവന്ന പൊട്ടു നെറ്റിയിൽ പതിപ്പിച്ചുവയ്ക്കുന്ന അമ്മയെ കുട്ടി നിർന്നിമേഷയായി നോക്കിനിന്നു.
“എത്ര സുന്ദരിയാണെൻ്റെ അമ്മ” കുട്ടിക്ക് അഭിമാനം തോന്നി. വിളുമ്പിൽ പൊൻകസവു തുന്നിയ ചുവന്ന പട്ടുസാരി അമ്മയ്ക്കെന്തു ഭംഗിയായി ചേരും. ഇളംപച്ച നിറമുള്ള വാതിൽപ്പാളി നീക്കി തലമാത്രം ഉള്ളിലേക്കി ട്ട് കുട്ടി അമ്മയെ ആരാധനയോടെ നോക്കി. കുട്ടിയുടെ കണ്ണുകൾ വിടർന്നു. ഡ്രസ്സിംഗ് റൂമിലെ ഒരാൾപ്പൊക്കമുള്ള തിളങ്ങുന്ന നിലക്കണ്ണാടിയിൽ അമ്മ അണിഞ്ഞൊരുങ്ങുകയാണ്.
അമ്മയറിയാതെ അമ്മയെ നോക്കി നിൽക്കുന്നത് കുട്ടിക്കിഷ്ടമായിരുന്നു. കർട്ടൻ വകഞ്ഞു മാറ്റി, ഓടിച്ചെന്ന്, “അമ്മേ” എന്നുറക്കെ വിളിച്ച് പൊളിക്കാത്ത ഇളനീരിന്‍റെ തണുപ്പുള്ള ആ കവിളുകളിൽ അമർത്തി ചുംബിക്കാൻ കുട്ടി ആഗ്രഹിച്ചു. അമ്മയ്ക്കത് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തപ്പോൾ വേണ്ടെന്നുവച്ചു. ഉരുണ്ട തടിയുടെ അറ്റത്ത് മുള്ളുകൾ എഴുന്നുനിൽക്കുന്നതുപോലെയുള്ള നീളൻ ചീപ്പുകൊണ്ട് അമ്മ മുടി ചീകുകയാ കരിവണ്ടിൻ്റെ നിറമുള്ള മിനുത്തിടതൂർന്ന മുടി, കുട്ടി ഓർത്തു, തനിക്കച്ഛൻ്റെ മുടിയാ കിട്ടിയത്. ഉള്ളില്ലാത്ത കോലൻമുടി. മുടി ചീകുമ്പോൾ അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു. മഞ്ചാടിക്കുരുവിൻ്റെ നിറമുള്ള ചുണ്ടുക ളിൽനിന്നും മൂളിപ്പാട്ടിൻ്റെ സംഗീതം പൊഴിഞ്ഞുകൊണ്ടിരുന്നു. ചീപ്പ് ഡ്രസ്സിംഗ് ടേബിളിലിട്ടശേഷം അമ്മ മുഖം തിരിച്ചപ്പോൾ കർട്ടൻ മാറ്റി കൂട്ടി താ ഴേക്കിറങ്ങിയോടി
അമ്മ എവിടെയാവും പോണത്?
കുട്ടി ആലോചിച്ചു. മാധവിയമ്മയോടു ചോദിച്ചാലോ? അവർക്കറിയാം. അവൾ അടുക്കളയിലേക്കു നടന്നു. മാധവിയമ്മ തേങ്ങ ചിരവുകയാണ്. തേങ്ങ ചിരവുന്ന താളത്തിനനുസരിച്ച് അവരുടെ ഉലയുന്ന മാറിടത്തിലെ കാക്കപ്പുള്ളിയിൽ കൗതുകത്തോടെ നോക്കി കുട്ടി അല്പനേരമിരുന്നു. ഒരു പിടി വാരി വായിലിട്ടു ചവച്ചു. മാധവിയമ്മ ചിരിച്ചു.
മോളു തിന്നോ…. ഇനിം വേണോ?
കുട്ടിക്കു സന്തോഷം തോന്നി. മാധവിയമ്മ എത്ര നല്ലതാണ്. അവരുടെ സമീപത്തേക്കല്പം നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി കുട്ടി ചോദിച്ചു.
“അമ്മയെവിടെപ്പോവാ. മാധവിയമ്മേ….”
മാധവിയമ്മ തേങ്ങാ ചിരകൽ നിർത്തി. ചുറ്റും നോക്കി. കുട്ടിയുടെ ചെവിയിൽ പറഞ്ഞു.
“കുട്ടിയറിഞ്ഞില്ലേ. ഇന്ന് ഇളയച്ഛൻ വരും അമ്മയ്ക്കു ഫോണുണ്ടായിരുന്നു.”
കുട്ടി എഴുന്നേറ്റു. ഒരുന്മേഷവും തോന്നുന്നില്ല. തന്നെക്കൂടെ കൊണ്ടു പോകുമോ? കൊണ്ടുപോയിരുന്നെങ്കിൽ… അച്ഛനുണ്ടായിരുന്നെങ്കിൽ കൊ ണ്ടുപോയേനെ. കുട്ടി ഉണ്ണിക്കുട്ടനെ ഓർത്തു. രണ്ടാം നിലയിലെ മുറിയിലാണ് ഉണ്ണിക്കുട്ടൻ ഉറങ്ങുന്നത്. ഒതുക്കുകൾ കയറി കുട്ടി മുകളിലെത്തി. ഒച്ച കേൾപ്പിക്കാതെ ശാന്തമായി തണുപ്പു പൊഴിക്കുന്ന സീലിംഗ് ഫാനിന്‍റെ കീഴിൽ വെള്ളയിൽ നീലപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ബെഡ്ഷീറ്റിൽ ഉണ്ണിക്കുട്ടൻ ഉറങ്ങുന്നു. കുട്ടി ഒച്ചയുണ്ടാക്കാതെ കട്ടിലിന്‍റെ ഓരത്തിരുന്നു. നോക്കിയിരിക്കെ കുട്ടിക്കവനോടു വാൽസല്യം തോന്നി. ഉണ്ണിക്കുട്ടൻ അമ്മയെപ്പോലെ വെളുത്തതാണ്. അമ്മയുടെ ചുണ്ടുകൾക്കു താഴെ പുഷ് പിച്ചു നിൽക്കുന്ന കറുത്ത മറുകുപോലും ഉണ്ണിക്കുട്ടനു കിട്ടിയിരിക്കുന്നു.
അവന്‍റെ മറുകിൽ പതുക്കെ സ്പർശിച്ചപ്പോൾ കുട്ടി സ്വന്തം വിരൽ കണ്ടു. കറുത്ത നിറമുള്ള വിരൽ. കുട്ടി കൈ വലിച്ചു. ഒപ്പം തനിക്ക് അച്ഛന്‍റെ കറു പൂനിറമാണല്ലോ കിട്ടിയതെന്ന് വിഷാദത്തോടെ ഓർത്തു. ഇളയച്ഛൻ നല്ല വെള്ളയാണ്. തന്‍റെ ക്ലാസിലെ അനു ഉണ്ണിക്കുട്ടനെപ്പോലെ വെളുത്തിട്ടാണ്. ചകിരിയിട്ടു നല്ലപോലെ ഉരച്ചു തേച്ചാൽ കറുപ്പുനിറം പോയി വെളു ക്കും എന്നവളാണു കുട്ടിക്ക് പറഞ്ഞുകൊടുത്തത്. ഇനി കുളിപ്പിക്കുമ്പോൾ ചകിരിയിട്ടു നല്ലപോലെ തേയ്ക്കണമെന്ന മാധവിയമ്മയോടു പറയണം. കു ട്ടി തീരുമാനിച്ചു.
“അയ്യോ… എന്താ ഇദ്….?”
ഓറഞ്ചിന്‍റെ അല്ലിപോലെയുള്ള ഉണ്ണിക്കുട്ടൻ്റെ അധരങ്ങളിൽ ഒരീച്ച വന്നിരുന്നു. കുട്ടി ഈച്ചയെ കൈവീശിയോടിച്ചു. ഉണ്ണിക്കുട്ടനുണർന്നു. അവൻ ഉറക്കെ കരയാൻ തുടങ്ങി. കുട്ടി പേടിച്ചു പോയി. അമ്മ ഇപ്പോൾ വരും. അടി ഉറപ്പ്. കുട്ടി ഓടി വാതിൽക്കലെത്തിയപ്പോൾ അമ്മ മുന്നിൽ! ഉണ്ണിക്കുട്ടൻ കണ്ണുകളടച്ചു വാ തുറന്ന് ഉറക്കെ നിലവിളിക്കുന്നു.
“എന്തിനാടി ഉണ്ണിയെ കരയിക്കുന്നത്?”
അമ്മ ദേഷ്യത്തിലാണ്.
“ഞാൻ”
കുട്ടിക്കു വാക്കുകൾ കിട്ടിയില്ല. തൊണ്ടയിൽ ഒരു തേങ്ങൽ തടയുന്നു.
“പഠിക്കേണ്ട നേരത്ത്. തെണ്ടി നടന്നോ…. തന്തേടെ മോളു തന്നെ…”
അമ്മയുടെ ശബ്ദത്തിൽ നിറഞ്ഞ വെറുപ്പ്. കുട്ടി സ്റ്റെപ്പുകളിറങ്ങി താഴെത്തെത്തി. മുകളിൽ അമ്മയുടെ ആശ്വാസവചനങ്ങൾക്ക് ഒരു താരാട്ടിന്‍റെ താളലയങ്ങൾ കൈവരുന്നത് കുട്ടിയറിഞ്ഞു. ഉണ്ണിയുടെ കരച്ചിൽ നിലച്ചിരുന്നു. കോളാമ്പിപ്പൂക്കൾക്കു മുകളിൽ വന്നിരുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയെ നോക്കി അവൾ മുറ്റത്തിന്‍റെ ഓരത്ത് വെറുതെ നിന്നു. ഒരുൽസാഹവും തോന്നു ന്നില്ല. കുട്ടി വെട്ടിനിർത്തിയ പച്ചപ്പുൽത്തകിടിയിൽ മലർന്നു കിടന്നു നക്ഷത്രങ്ങൾ അപ്രത്യക്ഷമായ ആകാശത്തിന്‍റെ ചാരമുഖത്തു നോക്കി മലർന്നു കിടന്നു. അപ്പോൾ തോളോടു തോൾ ചേർത്തു രണ്ടു പക്ഷികൾ പറന്നു പോകുന്നതു കുട്ടി കണ്ടു.
റോഡിൽ കാറിൻ്റെ ഹോൺ മുഴങ്ങി. ഇളയച്ഛനാവും. ഗേറ്റ് തുറക്കാനാണ്. കുട്ടി എഴുന്നേറ്റില്ല. പുൽമെത്തയിൽ കണ്ണടച്ചു കിടന്നു. ഒടുവിൽ ഇളയച്ഛന്‍ തന്നെ വന്നു ഗേറ്റു തുറന്നു, കാർ ഗാരേജിൽ കയറ്റിയിട്ടശേഷം
ചൂണ്ടുവിരലിൻ്റെ തുമ്പിൽ വട്ടം ചുറ്റുന്ന സ്വിച്ച് കീയുമായി ഒരു മൂളിപ്പാട്ടും പാടി വീട്ടിനുള്ളിലേക്കു കയറിപ്പോയി. കൂട്ടി എഴുന്നേറ്റു. ഈർപ്പം കിനിയുന്ന മണൽത്തരികളിൽ ചവുട്ടി രണ്ടുചാൽ നടന്നു. ചുവന്നു തുടുക്കുന്ന പകൽ. മുകള്‍നിലയില്‍ നിന്നും പൊട്ടിച്ചിരിയുടെ ചീള് താഴെ വീണുടഞ്ഞു. കൂട്ടി പിന്നോക്കം മാറി. ഗേറ്റിനോടു ചേർന്നു നിന്നു. അവിടെനിന്നാൽ നീല വിരികളും ചില്ലുജാലകമുള്ള അമ്മയുടെ മുറി കാണാം. മുറിയിൽ വെളിച്ചമുണ്ട്.
നിറഞ്ഞു തുളുമ്പുന്ന വൈൻഗ്ലാസുപോലെ മഞ്ഞവെളിച്ചം പുരണ്ട ജാലകങ്ങൾ. കാറ്റിൽ ജാലകവിരികൾ ഉലഞ്ഞപ്പോൾ കെട്ടിപ്പുണരുന്ന അമ്മയേയും ഇളയച്ഛനേയും കുട്ടി കണ്ടു. കുട്ടി വെറുപ്പോടെ മുഖം തിരിച്ചു.
“മാധവിയമ്മേ ഞങ്ങൾ പോണൂ.”
അമ്മയുടെ ശബ്ദം. പടവുകളിറങ്ങി വരുന്ന ഇളയച്ഛനും അമ്മയും. മിനുസമുള്ള തറയിൽ മടമ്പുയർന്ന ചെരു പ്പമർന്നപ്പോൾ തറയുടെ ഹൃദയമിടിപ്പുകൾ ഉയർന്നു. പുഞ്ചിരി പൊഴിക്കു ന്ന ഉണ്ണിക്കുട്ടനെ തോളിലെടുത്ത് മുമ്പേ നടക്കുന്ന ഇളയച്ഛൻ എന്തോ തമാശ പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചിരിച്ചു. മാധവിയമ്മ ഗേറ്റു തുറന്നു കൊടുത്തു. ഒരു നിലവിളിയോടെ കാർ മുന്നോട്ടു കുതിച്ചപ്പോൾ, കുട്ടി തന്‍റെ മുറിയിലേക്കു നടന്നു. കട്ടിലിൽ മലർന്നു കിടന്ന്, മച്ചിൽ കെട്ടിഞ്ഞാന്നു
കിടക്കുന്ന ഫാനിന്‍റെ പൊടിയണിഞ്ഞ ഇതളുകളിൽ മിഴിനട്ടുകിടന്നു.
ഇവിടെ, ഈ മുറിയിൽ, പ്രകാശം മാഞ്ഞുപോയ ചുവരുകളിൽ നോക്കി തനിച്ചു കിടക്കുമ്പോൾ….
അച്ഛനുണ്ടായിരുന്നെങ്കിൽ…… കുട്ടി മോഹിച്ചു. എങ്കിൽ ഇങ്ങനെ ഒറ്റയ്ക്കു കിടക്കേണ്ടിവരുമായിരുന്നില്ല. കാറിൽ കയറിപ്പോകാമായിരുന്നു. ഐസ്ക്രീം പാർലറുകളിലിരുന്നു ഐസ്ക്രീം നുണയാമായിരുന്നു. ആകാശത്തിന്‍റെ മുഖം കറുക്കുന്നതുവരെ ഓടിക്കളിക്കാമായിരുന്നു,
അച്ഛൻ ഇനി ഒരിക്കലും വരില്ലേ…….?
അച്ഛൻ അമ്മയോടു പിണങ്ങി വീടുവിട്ടു പോയതാണെന്നും ഇനി തിരികെ ഈ വീട്ടിലേക്കില്ലെന്നും മാധവിയമ്മ പാൽക്കാരനോടു പതുക്കെ പറയുന്നതു കുട്ടി കേട്ടിരുന്നു.
അച്ഛൻ…. അച്ഛൻ…. എൻ്റെ അച്ഛൻ. മനസു കൊതിക്കുന്നു. അച്ഛന്‍റെ കൂട്ടുകാരനായിരുന്നത്രേ ഇളയച്ഛൻ. അയാൾ പതിവായി വീട്ടിൽ വരുമായിരു ന്നു. വെളുത്തനിറവും ചുരുണ്ടമുടിയും ചൂണ്ടിൽ സംഗീതവും അടുത്തുരുമ്പോൾ ഇറ്റു വീഴുന്ന പെർഫ്യൂമിൻ്റെ സുഗന്ധവും കുട്ടിയ്ക്കിഷ്ടമായിരു ന്നു. അച്ഛനിതൊന്നുമില്ലായിരുന്നു. അച്ഛന്‍റെ ദേഹത്തിനു കനച്ച എണ്ണയുടെ നാറ്റമാണെന്ന് അമ്മ പറയുന്നത് കുട്ടി കേട്ടിരുന്നു. അച്ഛൻ വീട്ടിലില്ലാത്ത നേരത്ത്, അലറുന്ന ബുള്ളറ്റിൻ്റെ പുറത്ത് അയാൾ പതിവായി വരാൻ തുടങ്ങിയതോടെ കുഴപ്പം ആരംഭിച്ചു. അമ്മ തുടുത്ത മുഖത്തോടെ സ്വീകരിക്കും.
ഒരിക്കൽ സ്കൂൾ വിട്ടുവന്നപ്പോൾ അമ്മയുടെ കരച്ചിൽ കേട്ടാണു കുട്ടി സ്റ്റെപ്പുകൾ കയറി മുകളിലെത്തിയത്. ധൃതിയിൽ പടവുകളിറങ്ങി വരുന്നു അയാൾ. കുതിക്കുന്ന ബുള്ളറ്റിൻ്റെ കിടിലം കൊള്ളിക്കുന്ന ശബ്ദം അകന്നു പോയി. കുട്ടി അമ്മയുടെ മുറിവാതിൽക്കൽ നിന്നു. എന്തോ പന്തികേട്…..
“ഭാമേ, ഇതിവിടെ അവസാനിപ്പിക്കണം…..”
മുകളിൽ മുഴങ്ങുന്ന അച്ഛൻ്റെ ഒച്ചകേട്ടപ്പോൾ കുട്ടി നടുങ്ങിപ്പോയി. അമ്മ തേങ്ങുന്നുണ്ട്.
“നമ്മുടെ മോളേ ഓർത്തെങ്കിലും…..”
തന്‍റെ കൂടെ കാര്യമാണ്. കുട്ടി ചെവി കൂർപ്പിച്ചു.
“എനിക്കു മടുത്തു… എനിക്കു മടുത്തു….”
തേങ്ങലിന്‍റെ ഇടവേളയിൽ അമ്മ പിറുപിറുത്തു. അമ്മ കരയുന്നു. കുട്ടിക്കു ദുഃഖം തോന്നി.
മുറിയിൽ മൗനത്തിൻ്റെ ശൈത്യം. പിന്നെ ഗ്ലാസുകൾ തകർന്നുടയുന്ന ശബ്ദം. കുട്ടി ചെവി പൊത്തി. കണ്ണുകളടച്ചു. ഒരു കൊടുങ്കാറ്റുപോലെ അച്ഛൻ പുറത്തേക്കു വന്നു. വിയർപ്പിന്‍റെ വരകൾ വീണ മുഖത്ത്, കണ്ണീരിന്‍റെ തിളക്കം. കുട്ടി വാതിലിൻ്റെ മറവിലൊളിച്ചു. കൈലേസ് കൊണ്ടു മുഖം തുട ച്ച് അച്ഛൻ സ്റ്റെപ്പുകളിറങ്ങി, മുറ്റം കടന്നു, ഗേറ്റു തുറന്ന്….
അമ്മ കരഞ്ഞില്ല.
ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോൾ മുറ്റത്ത് കുട്ടി കറുത്ത ബുള്ളറ്റു കണ്ടു. ഇളയച്ഛാ എന്നു വിളിപ്പിച്ചത് അമ്മയാണ്.
മോളേ….. മോളേ…. കുട്ടിയെ കാണുന്നില്ലല്ലോ ഭഗവതീ…..”മാധവിയമ്മയുടെ വിരണ്ട ശബ്ദം.
“ങ്ഹാ ഇവിടെ ഒളിച്ചു കിടക്കുവാണോ. അത്താഴം വേണ്ടേ, ബാ
കുട്ടി കമിഴ്ന്നു കിടന്നു.”
“ബാ കുട്ടീ…..”
“എനിക്കമ്മ വിളമ്പിത്തന്നാ മതി…”കുട്ടി മുഖമുയർത്താതെ പറഞ്ഞു.
“അമ്മ വരാൻ വൈകും മോളേ. ശാഠ്യം പിടിക്കാതെ വാ….”
“അമ്മ വരട്ടെ…. അമ്മ വരട്ടെ…”
ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ തേങ്ങി. മാധവിയമ്മയുടെ കാലടികൾ അകന്നുപോയി. ഇന്ന് അമ്മ, വിളമ്പിത്തരാതെ കഴിക്കില്ല. കുട്ടി തീർച്ച പ്പെടുത്തി. തല്ലിക്കൊന്നാലും വേണ്ടില്ല…
താഴെ കാറിന്‍റെ ഹോൺ മുഴങ്ങുന്നു. അമ്മയുടെ ചിരി. ഉണ്ണിയുടെ കൊഞ്ചിയുള്ള വർത്തമാനം.
“കുട്ടി അത്താഴം കഴിച്ചില്ല…. അമ്മ വിളമ്പിക്കൊടുക്കണമെന്നൊറ്റ വാശി.”
മാധവിയമ്മയുടെ വാക്കുകൾ കുട്ടി കേട്ടു. അമ്മ മറുപടി പറഞ്ഞില്ല.
“വേണേൽ കഴിച്ചോളും… ബാ വന്നു കിടക്കാൻ നോക്ക്….”
ഇളയച്ഛന്‍റെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.
ലൈറ്റുകളണഞ്ഞു. ഇളയച്ഛന്‍റെ കൂർക്കം വലി ഉയർന്നുകേൾക്കാം. എല്ലാ വരും ഉറങ്ങിക്കഴിഞ്ഞു. കുട്ടി പതുക്കെ, കൈ കുത്തി എഴുന്നേറ്റു. ലൈറ്റിട്ടു. വാതിലിന്‍റെ ബോൾട്ടെടുത്ത് പുറത്തിറങ്ങി. വരാന്തയിൽ നിലാവു പതഞ്ഞൊഴുകുന്നു. വാതിൽ തുറന്നു കുട്ടി മുറ്റത്തിറങ്ങി. പിന്നെ ഗേറ്റു തുറന്ന് രാത്രിയും നിലാവും കെട്ടിപ്പുണർന്നു കിടക്കുന്ന പാതയിലേക്കിറങ്ങി….. വിളറിയ ആകാശം. അകലെ, മരക്കൂട്ടങ്ങൾക്കിടയിൽ ഊളിയിടുന്ന വസന്തത്തിലെ മേഘക്കീറുകളിൽ നോക്കി കുട്ടി പതുക്കെ നടന്നു.
ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു……
കെ. ആര്‍. മോഹന്‍ദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.














Leave a Reply