ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് നേരത്തെ ധാരണയായ സമാധാന കരാറിന്റെ വ്യവസ്ഥകൾ തുടരാൻ സന്നദ്ധമാണെന്ന് ഇറാൻ. ഇറാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുമായി പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാൻ–അമേരിക്ക സംഘർഷം ആറ് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്ക് വീണ്ടും വഴിതുറന്നത്. ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളും അമേരിക്കയുമായുള്ള ചർച്ചകൾക്കുള്ള ഉപാധികളും ചർച്ചയായി. ഒമാനുമായി സഹകരിച്ച് ഹോർമൂസ് കടലിടുക്കിൽ താൽക്കാലിക കപ്പൽപാത തുറക്കുന്നതും കടലിടുക്കിൽ പാകിയ മൈനുകൾ നീക്കം ചെയ്യുന്നതും ചർച്ചയിൽ ഉൾപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ ഇന്ത്യയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം മേഖലയിൽ ആശങ്ക വർധിപ്പിച്ചിരുന്നു.
അതേസമയം, ആക്രമണത്തിൽ തകർന്ന ഇറാന്റെ ആണവനിലയങ്ങൾ പുനർനിർമിക്കുന്നതായി തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ടെഹ്റാനിൽ നടന്ന ഇസ്ലാമിക ഐക്യ സമ്മേളനത്തിൽ മേഖലയുടെ സുരക്ഷയ്ക്കായി ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും സാമ്പത്തിക, സാംസ്കാരിക സഹകരണം ശക്തമാക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. അമേരിക്കൻ ഉപരോധത്തെയും യുദ്ധത്തെയും നേരിടാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.











Leave a Reply