ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിങ്ങാം: പൊതുസുരക്ഷയും ജീവനക്കാരുടെ സുരക്ഷയും മുൻനിർത്തി ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്കും സെന്റ് ജോർജിന്റെ കുരിശും പൊതുസ്ഥലങ്ങളിലെ വിളക്കുകാലുകളിൽ സ്ഥാപിക്കുന്നത് തടയാൻ ബർമിങ്ങാം സിറ്റി കൗൺസിൽ നിയമനടപടി തുടങ്ങി. അനുമതിയില്ലാതെ റോഡുകൾക്ക് സമീപം പതാകകൾ സ്ഥാപിക്കുന്നവർക്കെതിരെ കോടതിയുടെ വിലക്ക് ലഭിച്ചാൽ പരിധിയില്ലാത്ത പിഴയോ രണ്ടുവർഷം വരെ തടവോ ലഭിക്കാമെന്നാണ് റിപ്പോർട്ട്. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻസ്, സ്വതന്ത്ര കൗൺസിലർമാർ എന്നിവരുടെ സഖ്യമാണ് കൗൺസിൽ ഭരിക്കുന്നത്.

പതാകകൾ നീക്കം ചെയ്യാൻ നിയോഗിച്ച ജീവനക്കാർക്ക് നേരിടേണ്ടിവന്ന ഭീഷണിയും ഭയപ്പെടുത്തലും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അനുമതിയില്ലാത്ത റോഡ്‌വേ അറ്റാച്ച്മെന്റുകൾക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമപരവും ആനുപാതികവുമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് കൗൺസിലർ ജെയിൻ ബാസ്റ്റൺ പറഞ്ഞു. പൊതുസുരക്ഷ, ജീവനക്കാരുടെയും കരാറുകാരുടെയും ക്ഷേമം, സാമൂഹിക ഐക്യം, പൊതുഫണ്ടിന്റെ ഉത്തരവാദിത്തപരമായ വിനിയോഗം എന്നിവയാണ് മുൻഗണനയെന്നും അവർ വ്യക്തമാക്കി.

ബ്രിട്ടീഷ് പതാകകൾ ദേശസ്നേഹത്തിന്റെ പ്രതീകമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വംശീയ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ദേശീയതാ പ്രകടനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ‘റെയ്സ് ദി കളേഴ്സ്’ എന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് സെന്റ് ജോർജ് പതാകകൾ സ്ഥാപിച്ചിരുന്നു. അതേസമയം, പ്രചാരണത്തിന്റെ സഹസ്ഥാപകൻ റയാൻ ബ്രിഡ്ജ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബർമിങ്ങാം കൗൺസിൽ കോടതിയെ സമീപിച്ചത്. പൊതുഫണ്ട് മാലിന്യശേഖരണം, സുരക്ഷിതമായ തെരുവുകൾ, പ്രാദേശിക സമൂഹങ്ങൾക്ക് പിന്തുണ തുടങ്ങിയ അടിസ്ഥാന സേവനങ്ങൾക്കായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് റെയ്സ് ദി കളേഴ്സ് പ്രതികരിച്ചു.











Leave a Reply