ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് സംവിധാനത്തിന് കീഴിലുള്ള ഓട്ടിസം, എഡിഎച്ച്ഡി പരിചരണ മേഖലയിൽ ചെലവ് കുതിച്ചുയരുന്നതും നിയന്ത്രണമില്ലാത്ത സ്വകാര്യ സേവനദാതാക്കളുടെ എണ്ണം വർധിക്കുന്നതും വലിയ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് ആരോഗ്യ മേഖലാ മേധാവികളുടെ മുന്നറിയിപ്പ്. രോഗികൾക്കും നികുതിദായകർക്കും നിലവിലെ സംവിധാനം ഒരുപോലെ ദോഷകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ മാനേജർമാരെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് അലയൻസ് വ്യക്തമാക്കി. സമാനമായ പരിശോധനകൾക്കും പരിചരണത്തിനും വിവിധ ആരോഗ്യ ബോർഡുകൾ നൽകുന്ന തുകയിൽ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ 300 പൗണ്ട് മുതൽ 3,000 പൗണ്ട് വരെയാണ് ഈടാക്കുന്നത്.

ദീർഘമായ കാത്തിരിപ്പ് ഒഴിവാക്കാൻ രോഗികൾക്ക് എൻഎച്ച്എസ് സേവനങ്ങൾക്കൊപ്പം സ്വകാര്യ സേവനദാതാക്കളെയും തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘റൈറ്റ് ടു ചൂസ്’ നയം സ്വകാര്യ സ്ഥാപനങ്ങളുടെയും ചാരിറ്റികളുടെയും വൻവരവിന് ഇടയാക്കിയതായാണ് വിലയിരുത്തൽ. ഇതുവഴി ചിലയിടങ്ങളിൽ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും എൻഎച്ച്എസ് ബോർഡുകളുടെ ചെലവ് നിയന്ത്രണാതീതമായി വർധിച്ചു. ഒരു ബോർഡിൽ ഒരു വർഷത്തിനിടെ ചെലവ് പത്തിരട്ടിയായി ഉയർന്ന് പ്രതിമാസം 15 ലക്ഷം പൗണ്ടിലെത്തി. മറ്റൊരു ബോർഡിൽ രണ്ട് വർഷത്തിനിടെ വാർഷിക ചെലവ് 40 ലക്ഷം പൗണ്ടിൽ നിന്ന് 3 കോടി പൗണ്ടായി ഉയർന്നു. ഒരു ബോർഡ് നിലവിൽ 48 സേവനദാതാക്കളുമായി സഹകരിക്കുന്നതായും റിപ്പോർട്ട് പറയുന്നു; രണ്ട് വർഷം മുമ്പത്തേതിന്റെ നാലിരട്ടിയാണിത്.

സേവനദാതാക്കളുടെ എണ്ണം അതിവേഗം വർധിച്ചതോടെ പരിചരണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ആരോഗ്യ ബോർഡുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായും എൻഎച്ച്എസ് അലയൻസ് വ്യക്തമാക്കി. ഓട്ടിസം, എഡിഎച്ച്ഡി പരിശോധനകൾ മാത്രം നടത്തുന്ന ചില സേവനദാതാക്കൾ കെയർ ക്വാളിറ്റി കമ്മീഷനിൽ (CQC) രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നതും ആശങ്ക ഉയർത്തുന്നു. ദീർഘകാല നിക്ഷേപത്തിന്റെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയും ചൂണ്ടിക്കാട്ടി. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുപകരം താൽക്കാലിക പരിഹാരങ്ങൾക്കായി വൻതുക ചെലവഴിച്ചിട്ടും രോഗികൾ ഇപ്പോഴും അംഗീകരിക്കാനാകാത്ത വിധം നീണ്ട കാത്തിരിപ്പ് നേരിടുകയാണെന്നും സംഘടന വ്യക്തമാക്കി. അതേസമയം, സേവനങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അവലോകനം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഓട്ടിസം, എഡിഎച്ച്ഡി, മാനസികാരോഗ്യ സേവനങ്ങൾക്കായി പുതിയ ദേശീയ സമീപനം നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.











Leave a Reply