ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജർമനിയിലെ തെക്കൻ സംസ്ഥാനമായ ബവേറിയയിലെ റോസൻഹൈം റെയിൽവേ സ്റ്റേഷനിൽ ബ്രിട്ടീഷ് യുവതി കുത്തേറ്റു മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് 31കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബവേറിയൻ പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 27കാരനായ ജർമൻ സ്വദേശിയെ പൊലീസ് സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇയാൾ ഫ്യൂർസ്റ്റൻഫെൽഡ്ബ്രുക്ക് ജില്ലയിൽ നിന്നുള്ളയാളാണെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം എന്താണെന്നോ യുവതിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോയെന്നോ വ്യക്തമല്ല. സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിന്റെ ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ വാക്കുതർക്കമോ ശാരീരിക ഏറ്റുമുട്ടലോ കണ്ടവരുണ്ടെങ്കിൽ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഓസ്ട്രിയയിലെ വിയന്ന, സാൽസ്ബർഗ്, ഇൻസ്‌ബ്രുക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ പ്രധാന റെയിൽ ഹബ്ബാണ് റോസൻഹൈം. പ്രദേശത്ത് ഒക്ടോബർഫെസ്റ്റിന് സമാനമായ ‘റോസൻഹൈമർ ഹെർബ്സ്റ്റ്ഫെസ്റ്റ്’ നടക്കുന്നതിനിടെയാണ് സംഭവം. യുവതി ബവേറിയയിൽ എത്തിയതിന്റെ കാരണമെന്തെന്നും സംഭവസമയത്ത് അവർ സ്റ്റേഷനിൽ ഉണ്ടായിരുന്നതെന്തിനെന്നും നിലവിൽ വ്യക്തമല്ല. പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് ജർമൻ വാർത്താ ഏജൻസിയായ ഡി.പി.എ റിപ്പോർട്ട് ചെയ്തത്.











Leave a Reply