ഗുരുവായൂരിൽ നടന്ന ലളിതമായ ചടങ്ങിൽ കോഴിക്കോട് സ്വദേശി അഖിലിനെ അമൃത നായർ ജീവിതപങ്കാളിയാക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹച്ചടങ്ങുകളുടെ ദൃശ്യങ്ങൾ താരം സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. താലികെട്ടിനിടെ വികാരഭരിതയാകുന്ന അമൃതയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടി. ഇളംനീല ബോർഡറുള്ള കസവുസെറ്റുമുണ്ടും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞാണ് താരം വധുവായി എത്തിയത്.
ജനപ്രിയ പരമ്പരയായ ‘കുടുംബവിളക്കി’ലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും താരം സജീവമായിരുന്നു. വിവാഹത്തെക്കുറിച്ച് നേരത്തെ സൂചനകൾ നൽകിയിരുന്നെങ്കിലും വരൻ ആരാണെന്ന വിവരം അമൃത രഹസ്യമായി സൂക്ഷിച്ചു. വിവാഹദിവസം പുറത്തുവന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് അഖിലിനെ പ്രേക്ഷകർ ആദ്യമായി കണ്ടത്.
കഴിഞ്ഞ ഒന്നരവർഷമായി വിവാഹക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞു. രാവിലെ ആറുമണിക്കായിരുന്നു ഗുരുവായൂരിൽ താലികെട്ട്. സുഹൃത്തിന്റെ അടുത്ത സുഹൃത്തായ അഖിലിന് ഇൻസ്റ്റഗ്രാമിൽ ഒരു ഹായ് അയച്ചതോടെയാണ് പരിചയം തുടങ്ങിയത്. ആദ്യം രജിസ്റ്റർ വിവാഹം നടത്താനായിരുന്നു തീരുമാനമെങ്കിലും അമ്മയുടെ ആഗ്രഹപ്രകാരം ഗുരുവായൂരിൽ ചടങ്ങ് നടത്തുകയായിരുന്നു. മറ്റു വിവാഹാഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നും ചെലവുചുരുക്കിയാണ് വിവാഹം നടത്തിയതെന്നും അമൃത വ്യക്തമാക്കി. അഖിൽ ബിസിനസുകാരനാണ്.











Leave a Reply