ന്യൂഡൽഹി ∙ ഒരുകാലത്ത് ഡൽഹിയിലെ ആശുപത്രികളിലെ നേഴ്സിങ് റൂമുകളിൽ നിറഞ്ഞുകേട്ടിരുന്ന മലയാളം ഇന്ന് അപൂർവമാകുന്നു. സർക്കാർ–സ്വകാര്യ ആശുപത്രികളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ശക്തമായിരുന്ന മലയാളി നേഴ്സുമാരുടെ സാന്നിധ്യത്തിനാണ് ഇടിവുണ്ടായത്. നേഴ്സിങ് സംഘടനകളുടെ കണക്കനുസരിച്ച് 2008–12 കാലത്ത് ഡൽഹി–എൻസിആറിലെ പല സ്വകാര്യ ആശുപത്രികളിലും 50 മുതൽ 65 ശതമാനം വരെ മലയാളി നേഴ്സുമാരായിരുന്നു. 2013–16 കാലത്ത് ഇത് 40 ശതമാനത്തിൽ താഴെയായി. 2021നുശേഷം പല ആശുപത്രികളിലും മലയാളി നേഴ്സുമാരുടെ എണ്ണം 10–25 ശതമാനമായി ചുരുങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ചിലയിടങ്ങളിൽ ഇത് 10 ശതമാനത്തിൽ താഴെയുമെത്തി.

മികച്ച ശമ്പളവും ജീവിതസാഹചര്യങ്ങളും തേടി മലയാളി നേഴ്സുമാർ ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്കും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഡൽഹിയിലെ കടുത്ത വായുമലിനീകരണവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എയിംസിലെ നേഴ്സിങ് ഓഫിസർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്കു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. താമസച്ചെലവുൾപ്പെടെയുള്ള ഉയർന്ന ജീവിതച്ചെലവും ഡൽഹിയിൽ തുടരുന്നതിന് തടസ്സമാകുന്നതായി നേഴ്സുമാർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ശമ്പളവും മലയാളി നേഴ്സുമാരുടെ ഡൽഹിയിലേക്കുള്ള വരവ് കുറയാൻ കാരണമാണ്. വിദേശജോലിക്കുള്ള പ്രവൃത്തിപരിചയം നേടാൻ ഒരു പതിറ്റാണ്ട് മുൻപ് ഡൽഹിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ കേരളത്തിൽനിന്നു തന്നെ പരിചയം നേടുകയാണ്. അതേസമയം എയിംസിലെ നേഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് പരീക്ഷയായ നോർസെറ്റിനായി ഉത്തരേന്ത്യയിൽ പരിശീലനകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സ്ഥാപനങ്ങൾക്കു പുറമെ ഹരിയാനയിലും ഡൽഹിയിലും കോച്ചിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും സർക്കാർ ആശുപത്രികളിലെ അവസരങ്ങളിലേക്ക് കൂടുതൽ മത്സരിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്.