ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൃശൂർ/കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ എസ്‌യുവി ഇടിച്ചുവീഴ്ത്തിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തുകയും സമീപത്ത് മുൻഭാഗം തകർന്ന നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന അനിലയെ പിന്നീട് കസ്റ്റഡിയിലെടുത്തു. അതേസമയം, അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഫ്ലാറ്റിലെത്തിയ ആൻ മേരിയുടെ ഭർത്താവാണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ ആൻ മേരിയെ കണ്ടെത്തിയത്.
ആദ്യം ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചതാകാമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷത്തിലും സിനിമ കാണാനുമായി ഒരുമിച്ച് പോയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലവും പ്രതിയുടെ പ്രേരണയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply