തൃശൂർ / കോട്ടയം ∙ യുഎസിലെ കാലിഫോർണിയയിൽ ഉറ്റസുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന പുരോഗമിക്കുകയാണ്. പരിശോധനകൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നാണ് മിൽപീറ്റസ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി പിടിയിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി (32)യെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിലേക്കു നയിച്ച കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
സോഫ്റ്റ്‌വെയർ എൻജിനീയറായ അനില ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പമാണ് നാലു വർഷം മുൻപ് യുഎസിലെത്തിയത്. ഇവർക്ക് നാലു വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ മാതാപിതാക്കളും നിലവിൽ യുഎസിലുണ്ട്. അതേസമയം, അഞ്ജനയെ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയശേഷം അനില കാർ ഇടിപ്പിച്ചതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനു തൊട്ടുമുൻപ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കുത്തേറ്റു മരിച്ചതായാണ് വിവരം. രണ്ടു സംഭവങ്ങളിലും അനിലയ്ക്ക് പങ്കുണ്ടെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കൾക്ക് പൊലീസ് കൗൺസലിങ് ഉൾപ്പെടെയുള്ള നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് സഹായം ഉറപ്പുനൽകി. നോർക്കയുടെ നിർദേശപ്രകാരം വീസ, പാസ്പോർട്ട് വിവരങ്ങൾ ബന്ധുക്കൾ കൈമാറിയിട്ടുണ്ട്. യുഎസിലെ നിയമനടപടികളും ഫൊറൻസിക് പരിശോധനകളും പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടി വന്നേക്കുമെന്നാണ് സൂചന.











Leave a Reply