കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അനില ബേബിക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വരെ അഞ്ജനയുമായി സൗഹൃദപരമായി സംസാരിച്ച ശേഷമാണ് അനില വാഹനം അതിവേഗത്തിൽ ഓടിച്ചെത്തിച്ച് ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ വ്യക്തമാകുന്നു.
കഴിഞ്ഞ മാസം 28-നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപം അഞ്ജനയെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ജനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയും മരിച്ച യുവതിയും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തിന് പിന്നാലെ അശ്രദ്ധമായി ഓടിച്ചുപോയ നീല എസ്യുവിയെക്കുറിച്ച് ലഭിച്ച വിവരമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. പാർക്കിങ് ഏരിയയിൽ വാഹനം നിരീക്ഷിച്ചിരുന്ന വ്യക്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അനില പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.











Leave a Reply