തൃശൂർ: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം–സിപിഐ തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും വിഷയത്തിൽ ഗൗരവമായ പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായത്തിനുള്ള സാധ്യതകൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ചർച്ചകൾക്ക് തുടക്കമായിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ രൂപപ്പെട്ട നിർദേശങ്ങളിൽ വ്യക്തത വരുത്തേണ്ടത് സിപിഎം–സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. പ്രശ്നപരിഹാരത്തിനായി തുറന്ന ചർച്ചകൾക്ക് സിപിഐ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണിയിൽ തുടരുന്നത് വിട്ടുവീഴ്ചകളും ത്യാഗങ്ങളും സഹിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തർക്കം മുന്നണി പ്രവർത്തനത്തെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകളെയും ബാധിക്കുന്നുവെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. വിഷയം കൂടുതൽ വഷളാക്കാൻ സിപിഎമ്മിനും സിപിഐക്കും താൽപര്യമില്ലെങ്കിലും ഇരു പാർട്ടികളും തമ്മിൽ സംസ്ഥാനതലത്തിൽ ആവശ്യമായ ധാരണ ഇതുവരെ രൂപപ്പെട്ടിട്ടില്ല.











Leave a Reply