കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസ് നടപടി. നിലവിൽ ചോദ്യം ചെയ്തുവരുന്ന വിദ്യാർഥിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷം ഇയാൾ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർനടപടി.

കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോളജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും തയ്യാറാക്കി ടെലഗ്രാം, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിലെ വിവരം. ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ കോളജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് വിദ്യാർഥിയുടെ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് കൈമാറി. സംഭവത്തെ തുടർന്ന് കോളജ് ആഭ്യന്തര പരിഹാര സമിതി അന്വേഷണം നടത്തുകയും വിദ്യാർഥിയെ കോളജിൽനിന്ന് പുറത്താക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025 ഡിസംബർ മുതൽ വിദ്യാർഥി ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ, വ്യക്തിയുടെ സ്വകാര്യത ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കോളജ് അധികൃതർ കൈമാറിയ ഫോൺ പൊലീസ് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പ്രാഥമിക പരിശോധനയിൽ പരാതിക്കാരായ വിദ്യാർഥികളുടെ ചിത്രങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അധ്യാപകരുടെയും വിദ്യാർഥികളുടെയും വിശദമായ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിവരികയാണ്.