ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റോയൽ മെയിൽ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 50-കാരനായ അംജദ് അലി കഞ്ചാവ് നിറച്ച പാർസലുകൾ തട്ടിയെടുത്ത് വൻതോതിൽ അനധികൃത ലാഭം നേടിയ കേസിൽ 6 വർഷവും 9 മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ബെർക്ക്‌ഷെയറിലെ സ്ലൗവിൽ താമസിക്കുന്ന അലി, സംശയാസ്പദമായ പാർസലുകളുടെ ലേബലുകൾ മാറ്റി സ്വന്തം വീട്ടിലടക്കമുള്ള വിലാസങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.

2024 മുതൽ 2025 വരെ തുടർന്ന പ്രവർത്തനങ്ങളെ തുടർന്ന് തേംസ് വാലി പൊലീസ് നടത്തിയ റെയ്ഡിൽ അലിയുടെ സ്റ്റോറേജ് ലോക്കറിൽ നിന്ന് 11.85 ലക്ഷം പൗണ്ടും വീട്ടിൽ നിന്ന് 42,290 പൗണ്ടും പിടിച്ചെടുത്തു. ആകെ 12 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 14 കോടി രൂപ) കഞ്ചാവ് വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തേംസ് വാലി പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പിടിത്തമാണിതെന്നും അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയൽ മെയിലിൽ ജോലി ചെയ്തിരുന്ന പദവി ദുരുപയോഗം ചെയ്ത് എക്‌സ്-റേ പരിശോധനയ്ക്ക് മുമ്പ് കഞ്ചാവ് അടങ്ങിയതായി സംശയിച്ച പാർസലുകൾ തിരിച്ചറിഞ്ഞ് തട്ടിയെടുക്കുകയായിരുന്നു അലിയെന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് വിതരണം, പാർസൽ മോഷണം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശംവെക്കൽ, ആയുധം സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിരുന്നു. പിടിച്ചെടുത്ത തുക കുറ്റകൃത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സമൂഹ വികസന പദ്ധതികൾക്കും വിനിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു.