ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾക്ക് പകരം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന പ്ലഗ്-ഇൻ സോളാർ പാനലുകൾ യുകെയിലെ ഡിഐവൈ ഷോപ്പുകളിലും ഹൈസ്ട്രീറ്റ് റീട്ടെയിലർമാരിലും എത്തുന്നു. സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് ഇവ നിയമപരമായി വിൽക്കാൻ അനുമതി ലഭിച്ചത്. ഇലക്ട്രീഷ്യന്റെ സഹായമില്ലാതെ സ്ഥാപിക്കാമെന്നതും ബാൽക്കണി ഉൾപ്പെടെയുള്ള പുറംസ്ഥലങ്ങളുള്ള വീടുകൾക്കും ഉപയോഗിക്കാമെന്നതുമാണ് പ്രധാന പ്രത്യേകത.

ഒരു പാനൽ കിറ്റിന് നിലവിൽ ഏകദേശം £699 വരെയും രണ്ട് പാനൽ കിറ്റിന് £1,089 വരെയും വിലയുണ്ട്. കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില £400–£600 ആയി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വീട്ടിൽ പ്രതിവർഷം ഏകദേശം £70 മുതൽ £110 വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പകൽ സമയത്ത് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.

സുരക്ഷയുടെ ഭാഗമായി ഒരു ഉപകരണത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 800 വാട്ടായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പഴയ വൈദ്യുതി വയറിങ്ങുള്ള വീടുകളിൽ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാങ്ങുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രീഷ്യനെക്കൊണ്ട് വയറിങ് പരിശോധിക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. എക്സ്റ്റൻഷൻ ലീഡ്, കേബിൾ റീൽ, പ്ലഗ്-ഇൻ അഡാപ്റ്റർ എന്നിവ വഴി പാനൽ ബന്ധിപ്പിക്കരുതെന്നും ഒരു വീട്ടിൽ ഒരു പ്ലഗ്-ഇൻ സോളാർ ഉപകരണം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശം നല്കപ്പെട്ടിട്ടുണ്ട് . പാനൽ സ്ഥാപിച്ച ശേഷം 28 ദിവസത്തിനകം പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയെ (DNO) അറിയിക്കുകയും വേണം.











Leave a Reply