കൊച്ചി: നഗരത്തിൽ പൊലീസുകാർക്കുനേരെ തുടർച്ചയായ ആക്രമണങ്ങൾ. ലഹരി ഉപയോഗിച്ച് അവശനിലയിലായ യുവാവ് പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. സംഭവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ പൊലീസ് പിടികൂടി. കൊച്ചി നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ് കടിയേറ്റത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം. നോർത്ത് പാലത്തിന് സമീപത്തുനിന്നാണ് ഇക്ബാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റൊരു സംഭവത്തിൽ കൊച്ചിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ബഹളമുണ്ടാക്കിയ കൊല്ലം സ്വദേശി അജ്മൽ, സ്ഥലത്തെത്തിയ എസ്ഐ ഹരികൃഷ്ണനെ ആക്രമിച്ചു. ആശുപത്രിയിൽ ബഹളമുണ്ടാക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് എത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും അജ്മലിനെതിരെ കേസെടുത്തു. രണ്ട് സംഭവങ്ങളിലുമായി രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഇടിച്ച് ട്രാഫിക് പൊലീസുകാരന് പരുക്കേറ്റിരുന്നു. ഹൈക്കോടതിക്ക് സമീപം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിലും അശ്രദ്ധമായും എത്തിയ മഹാത്മ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് സിപിഒ ശ്രീദത്തിനെ ഇടിച്ചിട്ടത്. പരുക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.