കൊച്ചി: ഡോക്ടറെ മർദിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രതികൾ. തങ്ങൾക്കെതിരായ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ഡോക്ടർ ജോൺസൺ കെ.എഫ്. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. പണം സംബന്ധിച്ച് പിന്നീട് തർക്കമുണ്ടായതായും ഇവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ നടൻ വിപിൻ പെരുമ്പള്ളി, നടി അതുല്യ ചന്ദ്ര, വിഷ്ണു എന്നിവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. അതേസമയം, ഒളിവിൽ കഴിയുന്ന ഡോക്ടറെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.

പണം ആവശ്യപ്പെട്ട് തന്നെ മർദിച്ചുവെന്നായിരുന്നു ആദ്യം ഡോക്ടർ പോലീസിൽ പരാതി നൽകിയത്. എന്നാൽ, പിന്നീട് ഡോക്ടർക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മർദനക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനക്കേസ് ഒതുക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന വിവരം പുറത്തുവന്നത്. കേസിൽ 12-ഓളം പേർ പ്രതികളാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഇവരെല്ലാവരും അവിടെയുണ്ടായിരുന്നുവെന്നാണ് ഡോക്ടറുടെ നേരത്തെയുള്ള മൊഴി. ഇതിൽ മൂന്നുപേരാണ് നിലവിൽ അറസ്റ്റിലായത്. ഡോക്ടറുടെ പക്കൽനിന്ന് പ്രതികൾ പിടിച്ചെടുത്ത മൊബൈൽ ഫോൺ പീഡനപരാതി നൽകിയ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. ഫോണിൽനിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, തനിക്കെതിരായ ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സംഭവത്തിൽ കടവന്ത്ര പോലീസും ഇൻഫോപാർക്ക് പോലീസും അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊഴികളും ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഡോക്ടറെ കണ്ടെത്താനുള്ള തിരച്ചിലും തുടരുകയാണ്.