ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും അസിസ്റ്റഡ് ഡയിങ് നിയമവിധേയമാക്കാനുള്ള പുതിയ നീക്കത്തിന് തിരിച്ചടി. നിർണായക വോട്ടെടുപ്പിൽ ബിൽ 286നെതിരെ 270 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ നിയമഭേദഗതിക്കുള്ള നിലവിലെ ശ്രമം അവസാനിച്ചു. ആറ് മാസത്തിൽ താഴെ ആയുസ്സ് ശേഷിക്കുന്ന മാരക രോഗബാധിതരായ മുതിർന്നവർക്ക് കർശനമായ സുരക്ഷാ വ്യവസ്ഥകളോടെ ജീവിതം അവസാനിപ്പിക്കാൻ സഹായം തേടാൻ അനുമതി നൽകുന്നതായിരുന്നു ടെർമിനലി ഇൽ അഡൾട്ട്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ. പാർട്ടി നിലപാടുകൾക്കനുസരിച്ചല്ല, എംപിമാർക്ക് സ്വതന്ത്ര വോട്ടാണ് അനുവദിച്ചിരുന്നത്.

രണ്ട് ഡോക്ടർമാരുടെ അനുമതിയും വിദഗ്ധ സമിതിയുടെ അംഗീകാരവും ഉൾപ്പെടെ നിരവധി സുരക്ഷാ വ്യവസ്ഥകൾ ബില്ലിലുണ്ടായിരുന്നു. എന്നാൽ, സമ്മർദത്തിന് വിധേയരായി ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ദുർബലരായ ആളുകളെ സംരക്ഷിക്കാൻ ബില്ലിലെ വ്യവസ്ഥകൾ പര്യാപ്തമല്ലെന്നായിരുന്നു എതിർപ്പുയർത്തിയവരുടെ വാദം. അസിസ്റ്റഡ് ഡയിങ്ങിന് പകരം പാലിയേറ്റീവ് കെയർ കൂടുതൽ ശക്തിപ്പെടുത്തുകയാണ് മുൻഗണന നൽകേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സമാനമായ ബിൽ കോമൺസിൽ 23 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായിരുന്നെങ്കിലും ഹൗസ് ഓഫ് ലോർഡ്സിലെ നടപടികൾ പൂർത്തിയാക്കാനാകാതെ നീക്കം തടസ്സപ്പെട്ടിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പാർലമെന്റിന് പുറത്ത് അനുകൂലികളും എതിർപ്പുകാരും വികാരനിർഭരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. നിയമമാറ്റത്തിനായി വീണ്ടും ശ്രമിക്കുമെന്ന് അനുകൂലികൾ വ്യക്തമാക്കി. ടെർമിനൽ ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ള ഡെയിം എസ്തർ റാൻസൻറ്, മറ്റു രാജ്യങ്ങളിലെ മാരകരോഗികൾക്ക് ലഭിക്കുന്ന തിരഞ്ഞെടുക്കാനുള്ള അവകാശം ബ്രിട്ടനിലെ രോഗികൾക്കും ലഭിക്കാത്തത് ദുഃഖകരമാണെന്ന് പ്രതികരിച്ചു. അതേസമയം, നിലവിലെ നിയമം മാറ്റേണ്ടതില്ലെന്ന നിലപാടുള്ളവർ പാലിയേറ്റീവ് കെയർ സംവിധാനവും എൻഎച്ച്എസും ശക്തിപ്പെടുത്തുന്നതിലാണ് എംപിമാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.











Leave a Reply