തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ സർക്കാർ തീരുമാനം വൈകും. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും നിയമോപദേശം അടുത്ത ആഴ്ച ലഭിച്ച ശേഷമേ തുടർനടപടികളിൽ തീരുമാനമുണ്ടാകൂ. വിശദമായ നിയമപരിശോധനയ്ക്കുശേഷമാകും സർക്കാർ നിലപാട് സ്വീകരിക്കുക.
ഇഡി ശുപാർശ അതീവ ഗൗരവമുള്ളതാണെന്നും പിണറായി വിജയനെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കെപിസിസി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. എന്നാൽ ഉടൻ കേസെടുത്ത് മുന്നോട്ടുപോകേണ്ടതില്ലെന്നും നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടി മതിയെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം. വി.ടി. ബൽറാമും ഇതേ നിലപാട് മുന്നോട്ടുവച്ചു.
അതേസമയം, പിണറായി വിജയനെതിരെ ഉടൻ കേസെടുക്കണമെന്ന നിലപാടാണ് മാത്യു കുഴൽനാടൻ എംഎൽഎ സ്വീകരിച്ചത്. നിയമപരിശോധനയ്ക്കുശേഷം നടപടിയുണ്ടാകുമെന്നും കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നുമാണ് വി.ഡി. സതീശൻ മറുപടി നൽകിയത്. വിഷയം ഗൗരവമുള്ളതാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിനുശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് സർക്കാരിന് നിയമോപദേശം നൽകുക.











Leave a Reply