ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് വൈകിട്ട് കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങുകൾ അരങ്ങേറുമ്പോൾ ഇന്ത്യൻ ടീം അംഗങ്ങൾ അതിൽ പങ്കെടുക്കാനുണ്ടാകില്ല. കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്ന മിക്കവരും ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ബാഡ്മിന്റൻെറയും ഹോക്കിയിലെയും ടീമംഗങ്ങൾക്ക് ഇന്ന് കളിയുള്ളതുകൊണ്ട് പോയിട്ടില്ല . ഇത്ര തിരക്ക് പിടിച്ച് എന്തുകൊണ്ടാണ് ഇന്ത്യൻ ടീം നാട്ടിലേയ്ക്ക് മടങ്ങിയതിൻെറ കാരണമറിയില്ലെന്ന് കോമൺവെൽത്ത് ഗെയിംസുമായി സഹകരിക്കാൻ അവസരം കിട്ടിയ ഒരു യുകെ മലയാളി രോഷത്തോടെ മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചു.

11 ദിവസത്തെ കായിക മാമാങ്കത്തിന് സമാപനം കുറിച്ചുള്ള പരിപാടികൾ അരങ്ങേറുന്നത് ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിലാണ്. ഉദ്ഘാടനത്തിലെന്നപോലെ ബർമിംഗ്ഹാമിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ കാണികളുടെ മനം കുളിർപ്പിക്കും . 30,000 പേരടങ്ങുന്ന സദസ്സാണ് പരിപാടികളിൽ വീക്ഷിക്കാൻ തൽസമയം ഉണ്ടാവുക. അതുകൂടാതെ ലോകമെങ്ങുമുള്ള ഒട്ടേറെ കലാ കായിക പ്രേമികൾ സമാപന ചടങ്ങുകൾ ദൃശ്യ മാധ്യമങ്ങളിലൂടെ വീക്ഷിക്കും. സമാപന ചടങ്ങിൽ 2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന് ഔപചാരികമായ കോമൺവെൽത്ത് പതാക കൈമാറ്റം നടത്തപ്പെടും.