ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് ക്രിപ്റ്റോകറൻസി കോടീശ്വരൻ ബെൻ ഡെലോ റിഫോം യുകെയ്ക്ക് 36 മില്യൺ പൗണ്ട് സംഭാവന നൽകിയതയുള്ള റിപോർട്ടുകൾ പുറത്തുവന്നു . ഒരു ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനയാണിത്. ‘ന്യായമായ പോരാട്ടത്തിനും തുല്യ അവസരത്തിനും’ വേണ്ടിയാണ് സംഭാവന നൽകുന്നതെന്ന് ഡെലോ വ്യക്തമാക്കി. നേരത്തെ റിഫോമിന് നാല് മില്യൺ പൗണ്ട് നൽകിയിട്ടുള്ള ഡെലോ, ഹോങ്കോങ്ങിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തി പാർട്ടിക്ക് പിന്തുണ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി നേതാവ് നൈജൽ ഫരാജ് സംഭാവനയിൽ അഭിമാനവും നന്ദിയും രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2029ൽ ലേബർ പാർട്ടിക്ക് പൊതുതെരഞ്ഞെടുപ്പ് നടത്താവുന്ന അവസാന സമയപരിധി വരെ പ്രതിമാസം ഒരു മില്യൺ പൗണ്ട് വീതം നൽകാനായിരുന്നു ഡെലോയുടെ തീരുമാനം. എന്നാൽ ഭാവിയിൽ വൻ രാഷ്ട്രീയ സംഭാവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിൽ തുക മുഴുവൻ ഒരുമിച്ച് നൽകുകയായിരുന്നു. നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന ദാതാക്കൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയ്ക്ക് പരിധിയില്ല. വിദേശത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി കൊണ്ടുവരാനും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് ഒരു വർഷത്തേക്ക് സമാന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഡെലോയുടെ വൻ സംഭാവന.

റിഫോം യുകെയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭാവന. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി നേതാവ് ഫരാജിന് ലഭിച്ച അഞ്ച് മില്യൺ പൗണ്ട് സ്വകാര്യ സമ്മാനവും അന്വേഷണവിധേയമാണ്. അതേസമയം, റിഫോം യുകെയ്ക്ക് വൻതുക സംഭാവന നൽകുന്നത് രാഷ്ട്രീയ വിവാദം ശക്തമാക്കിയിരിക്കുകയാണ്. പണം നൽകി അധികാരം നേടാനാണ് ഫരാജിന്റെ ശ്രമമെന്ന് ലിബറൽ ഡെമോക്രാറ്റുകളും, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് പണംകൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് ലേബർ പാർട്ടിയും ആരോപിച്ചു.