ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ലോകനേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവി ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ സമീപനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കും ഉച്ചകോടിയിൽ പ്രധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് രൂപീകരിച്ചിട്ട് 20 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബ്രിക്സ് ആഗോളതലത്തിൽ സവിശേഷമായ സ്വത്വം രൂപപ്പെടുത്തിയെന്ന് മോദി പറഞ്ഞു. ആരെയും എതിർക്കുകയെന്ന ലക്ഷ്യമില്ലാതെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന വേദിയായാണ് ബ്രിക്സ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 20 വർഷത്തേക്കുള്ള ലക്ഷ്യങ്ങളിലേക്ക് കടക്കുമ്പോൾ തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ബ്രിക്സ് കണ്ടിന്യൂയിറ്റി ആൻഡ് ഇംപ്ലിമെന്റേഷൻ മെക്കാനിസം രൂപീകരിക്കണമെന്നും തീരുമാനങ്ങളും പുരോഗതിയും രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം ഒരുക്കണമെന്നും മോദി നിർദേശിച്ചു.
നിലവിലെ ആഗോള അധികാരഘടന പിരമിഡ് പോലെയാണെന്നും തീരുമാനമെടുക്കാനുള്ള അധികാരം മുകൾത്തട്ടിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള ഭരണസംവിധാനങ്ങളിൽ അടിയന്തിര പരിഷ്കാരങ്ങൾ വേണമെന്നും എല്ലാവർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന വേദിയായി അവ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ പശ്ചിമേഷ്യൻ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അഭിപ്രായഭിന്നതകൾ കാരണം അനിശ്ചിതത്വത്തിലായിരുന്ന സംയുക്ത പ്രസ്താവന സംബന്ധിച്ച് അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് വിവരം. ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തർക്കവിഷയങ്ങളിൽ സമവായത്തിലെത്തിയതെന്നാണ് സൂചന.











Leave a Reply