സി.പി.എം. വിശാല സംസ്ഥാന സമ്മേളനം കോഴിക്കോട് ആരംഭിക്കാനിരിക്കെ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ അന്വേഷണ ഏജൻസികളുടെ നീക്കം തന്നിലൂടെ സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇ.ഡി.യുടെ നീക്കം ഇതേ ലക്ഷ്യത്തോടെയാണെന്ന് പത്രസമ്മേളനത്തിനിടെ 21 തവണയാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. സാധാരണയായി വ്യക്തിപരമായ വിഷയങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരണം നൽകുന്ന പതിവില്ലെന്നും, നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതിനാലാണ് മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മകൾ വീണ വിജയന്റെ കൈയിൽനിന്ന് റെഡ് ബുക്ക് പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പിണറായി ശക്തമായി നിഷേധിച്ചു. വീണ കുറ്റം സമ്മതിച്ചെന്ന ആരോപണം പച്ചക്കള്ളവും ശുദ്ധനുണയുമാണെന്നും, ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെയും കുടുംബത്തെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.എം.ആർ.എല്ലിന് വഴിവിട്ട യാതൊരു സഹായവും നൽകിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം, കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധി ഇളവ്, എക്സാലോജിക്കിന് പണം നൽകിയെന്ന ആരോപണം തുടങ്ങിയ വിഷയങ്ങൾ നേരത്തെ വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് ഇ.ഡി. അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്നതിനാലാണ് തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നതെന്നും, തന്നിലൂടെ പാർട്ടിയെ ദുർബലപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ഒരേ ലക്ഷ്യത്തോടെ നീങ്ങുകയാണെന്ന ആരോപണവും പിണറായി ഉന്നയിച്ചു. പത്രസമ്മേളനത്തിന് ശേഷം പിണറായിയിലെ വീട്ടിൽ വിശ്രമിച്ച അദ്ദേഹം ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്ന സി.പി.എം. വിശാല സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും.











Leave a Reply