ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നേഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നേഴ്സിങ് അവാർഡ് യുകെയിലെ മലയാളി നേഴ്സ് ഡോ. അജിമോൾ പ്രദീപിന് ലഭിച്ചു. 2.5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 2.38 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിലാണ് അജിമോൾ ഏറ്റുവാങ്ങിയത്. ലണ്ടൻ കിങ്സ് കോളജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്ററായും സാൽഫോർഡ് സർവകലാശാലയിൽ ലക്ചററായും പ്രവർത്തിക്കുന്ന അജിമോൾ കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ബ്രിട്ടനിലെ കെന്റിലെ ആഷ്ഫോർഡിലാണ് കുടുംബസമേതം താമസം.

ലോകമെമ്പാടുമുള്ള 1.34 ലക്ഷം അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളിലൊരാളായാണ് അജിമോൾ പുരസ്കാരത്തിലേക്ക് എത്തിയത്. നേഴ്സിങ് ലീഡർഷിപ്പ്, വിദ്യാഭ്യാസം, അവയവദാനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളാണ് അജിമോളെ അന്തിമ പട്ടികയിലെത്തിച്ചത്. ബ്രിട്ടനിലെ കെയർ വീസയിലെത്തി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഐഇ, എൽടിഎസ് പരീക്ഷകളില്ലാതെ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രേഷൻ സാധ്യമാക്കുന്നതിന് നടത്തിയ ഇടപെടലും ശ്രദ്ധേയമായി. 2008 മുതൽ അവയവദാന-ട്രാൻസ്പ്ലാന്റ് മേഖലയിൽ സജീവമായ അജിമോൾ 2013 മുതൽ ‘ഉപഹാർ’ എന്ന ചാരിറ്റിയിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം സിഎംഎസ് കോളജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെ സിഎസ്ഐ ഹോസ്പിറ്റൽ സ്കൂൾ ഓഫ് നേ ഴ്സിങ്ങിൽ നിന്ന് ജിഎൻഎം നേടി. തുടർന്ന് പോസ്റ്റ് ബേസിക് നഴ്സിങ് പഠനം പൂർത്തിയാക്കി യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ നിന്ന് എംഎസ്‌സി നഴ്സിങ്ങും ഓർഗൻ ഡൊണേഷൻ മേഖലയിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. നഴ്സിങ് രംഗത്തെ സേവനത്തിനൊപ്പം തുടർച്ചയായ പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മുന്നേറിയ അജിമോളുടെ സമർപ്പണത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ നേട്ടം.

അജിമോളുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ വലിയ ദേശീയ-അന്തർദേശീയ അംഗീകാരമല്ല ഇത്. 2018ൽ ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചിട്ടുള്ള അജിമോൾക്ക് ഹെൽത്ത് സർവീസ് ജേർണൽ അവാർഡ്, ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ് ‘നേഴ്സ് ഓഫ് ദ ഇയർ’ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏഷ്യൻ സമൂഹത്തിനിടയിൽ അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിലും മാനസിക സമ്മർദം നേരിടുന്നവർക്ക് സഹായമെത്തിക്കുന്ന ‘കേൾക്കാം’ പദ്ധതിയിലും സജീവമാണ്. ആഗോള നേഴ്സിങ് രംഗത്തെ ഈ അപൂർവ നേട്ടത്തിന് റോയൽ കോളജ് ഓഫ് നേഴ്സിങ് ഉൾപ്പെടെയുള്ള വിവിധ നേഴ്സിങ് സംഘടനകളും അജിമോളെ അഭിനന്ദിച്ചു.

25 വർഷത്തിലേറെയായി നേഴ്സിങ് രംഗത്ത് പ്രവർത്തിക്കുന്ന അജിമോൾ, ഏഷ്യൻ വംശജരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും അവയവമാറ്റത്തിനായി നേരിടുന്ന ദീർഘകാല കാത്തിരിപ്പിന് പരിഹാരം കാണുന്നതിനായി വർഷങ്ങളായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അഞ്ച് വർഷം നീണ്ട പ്രചാരണത്തിലൂടെ ആയിരക്കണക്കിന് ദക്ഷിണേഷ്യക്കാരെ അവയവദാതാക്കളായി രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിച്ച അവർ സാമൂഹിക പ്രവർത്തകരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമായി ചേർന്നാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. ഡോ. ദില്ല ഡേവിസിനൊപ്പം നടത്തിയ എസ്.ഐ.എഫ്.ഇ. പ്രചാരണവും അന്താരാഷ്ട്ര പരിശീലനം നേടിയ നേഴ്സുമാരുടെ രജിസ്ട്രേഷൻ നടപടികളിലെ തടസ്സങ്ങൾ നീക്കുന്നതിൽ നിർണായകമായി. 2023ൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ 2025 മാർച്ചോടെ പതിനായിരത്തിലധികം അന്താരാഷ്ട്ര നേഴ്സുമാർക്ക് ബ്രിട്ടീഷ് നേഴ്സിങ് രജിസ്റ്ററിൽ ചേരാൻ സാധിച്ചു.