ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലും അയർലണ്ടിലുമായി പ്രവർത്തിച്ചിരുന്ന ക്ലെയേഴ്‌സ് എന്ന ആക്‌സസറീസ് റീട്ടെയിൽ ശൃംഖലയിലെ എല്ലാ സ്റ്റാൻഡ്എലോൺ സ്റ്റോറുകളും അടച്ചുപൂട്ടുകയാണന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു വർഷത്തിനിടെ രണ്ടുതവണ അഡ്മിനിസ്ട്രേഷനിലായതിനെ തുടർന്നാണ് 154 സ്റ്റോറുകൾ പൂട്ടിയതും 1,300 ലധികം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതുമെന്നാണ് അഡ്മിനിസ്ട്രേറ്റർമാരായ ക്രോൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ 350 സ്റ്റോറുകൾ തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആഭരണങ്ങളും ബ്രേസ്ലെറ്റുകളും യുവാക്കളെ ആകർഷിക്കുന്ന മറ്റ് സേവനങ്ങളും കൊണ്ട് യുവാക്കൾക്കിടയിൽ ഏറെ പ്രസിദ്ധമായിരുന്ന ബ്രാൻഡിന് കുറഞ്ഞ വിലയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ഷെയിൻ, ടെമു എന്നിവയുമായി മത്സരിക്കാൻ കഴിയാതെ വന്നതായും വിലയിരുത്തപ്പെടുന്നു. ഉപഭോക്തൃ അഭിരുചിയിൽ വന്ന മാറ്റങ്ങളും ഹൈസ്ട്രീറ്റ് വ്യാപാര മേഖലയിലെ പൊതുവായ ഇടിവും കമ്പനിക്ക് തിരിച്ചടിയായതായി സൂചനകളുണ്ട്.

ക്രിസ്മസ് സീസണിലെ വിൽപ്പന വളരെ കുറഞ്ഞത് കമ്പനിയെ ദുർബല നിലയിലാക്കിയതായും അതാണ് അഡ്മിനിസ്ട്രേഷനിലേക്ക് നയിച്ചതെന്നും ഉടമസ്ഥരായ മൊഡെല്ല ക്യാപിറ്റൽ അറിയിച്ചു. നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻസ് പോലുള്ള തൊഴിൽ ചെലവുകൾ ഉയർന്നതും സർക്കാരിന്റെ നയങ്ങളും വ്യാപാര സാഹചര്യം കൂടുതൽ ബുദ്ധിമുട്ടാക്കിയതായും ഹൈസ്ട്രീറ്റ് മേഖലയിലെ വെല്ലുവിളികൾ ഇപ്പോഴും ശക്തമാണെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











Leave a Reply