ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളി നേഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വോർസെറ്റർഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. 2024 ഓഗസ്റ്റ് 19നായിരുന്നു ദാരുണ സംഭവം. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് യുകെയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം.
കാലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പത്ത് ദിവസം മുമ്പാണ് സോണിയ നാട്ടിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 19ന് യുകെയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂറിനുശേഷം സോണിയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് അനിൽ ചെറിയാനും മക്കളായ ലിയയും ലൂയിസും അടങ്ങുന്ന കുടുംബത്തിന് സോണിയയുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമായി. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും യുകെയിലെ മലയാളി സമൂഹത്തിനും ഏറെ പ്രിയപ്പെട്ടയാളായിരുന്നു സോണിയ. നാട്ടിലെത്തിയുള്ള അവധിക്ക് ശേഷം തിരികെ ജോലി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയുണ്ടായ ദാരുണ മരണം കുടുംബത്തെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
സോണിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply