കോഴിക്കോട് ∙ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ ഡൽഹിയിൽനിന്ന് രണ്ടു പേർ കൂടി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നേഴ്സിങ് വിദ്യാർഥിനിയുമായ പി. സൂര്യ (23) എന്നിവരെയാണ് പൊലീസ് നോയിഡയിൽനിന്ന് പിടികൂടിയത്. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് ഡൽഹിയിൽനിന്നാണ് കേരളത്തിലെത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പാക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സ്കെയിൽ, പാക്കിങ് സാമഗ്രികൾ, 5,000ത്തിലേറെ സിപ്‌ലോക്ക് കവറുകൾ, കറൻസി എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും പിടിച്ചെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൂര്യയുടെ പേരിലുള്ള ഫ്ലാറ്റിൽനിന്ന് ഓരോ ആഴ്ചയും ഏകദേശം 10 കിലോയിലേറെ എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഡൽഹിയിൽനിന്ന് പഴയ കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാറുകളിൽ രഹസ്യമായി ലഹരിമരുന്ന് കടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവരാണ് നൽകിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.