സിബി ജോസ്
നാടിന്റെ ഓർമകളും ,പൂക്കളമിട്ട മുറ്റവും വാഴയിലയിലെ സദ്യയും സഹോദരങ്ങൾ ഒത്തുചേർന്നിരുന്ന വീടും , സ്നേഹത്തിന്റെ നിമിഷങ്ങളും,മറക്കാനാവാത്ത ആ ഓർമകൾക്ക് ഒരിക്കൽക്കൂടി നിറം പകരുകയായിരുന്നു സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻ (SMA) സംഘടിപ്പിച്ച ‘ഓണാരവം@2026’
സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ സ്റ്റോക്ക് ഓൺ ട്രെൻഡിലെ കോപ്പറേറ്റീവ് അക്കാഡമി ഹാളിൽ നടന്ന ആഘോഷത്തിൽ SMA കുടുംബാംഗങ്ങൾ ജാതി-മത ഭേദമന്യേ ഒത്തുചേർന്നു.
പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും അടുത്ത തലമുറയിലേക്ക് പകർന്നുനൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷം കുടുംബബന്ധങ്ങളുടെയും കലാവൈവിധ്യത്തിന്റെയും വേദിയായി.

ഉച്ചയ്ക്ക് 12ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പൂക്കളവും സദ്യയും ഇല്ലാത്ത ഒരു ഓണക്കാലം സ്റ്റോക്ക് ഓൺ ട്രെൻഡിലെ SMA കുടുംബത്തിന് സങ്കൽപ്പിക്കാനാകാത്തതുപോലെ, ഇത്തവണയും പാരമ്പര്യത്തിന്റെ രുചിയും കൂട്ടായ്മയുടെ ചൂടും സദ്യയിൽ നിറഞ്ഞുനിന്നു. SMA മുൻ സെക്രട്ടറി ജിജോ ജോസഫിന്റെയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും , SMA കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പരിപാടികൾ സമയോചിതമായി ക്രമീകരിച്ച് ഓണസദ്യ ഭംഗിയായി നടത്തി.
ഓണക്കോടിയണിഞ്ഞും പുലിക്കളിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയും മഹാമനസ്കനായ അസുര രാജാവായ മഹാബലി തമ്പുരാനെ ഗജവീരന്മാരും മുത്തു കുടകളും ഏന്തിയ മനോഹരമായി അലങ്കരിച്ച വേദിയിലേക്ക് ആഘോഷപൂർവം ആനയിച്ചു വരവേറ്റു.
വൈകുന്നേരം നാലിന് അസോസിയേഷൻ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. UUKMA നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും സ്റ്റോക്ക് ഓൺ ട്രെൻഡിലെ കുര്യാക്കോസ് യാക്കോബായ ഓർത്തഡോക്സ് പള്ളി വികാരി Rev. Fr. സിബി വാലയിലും മുഖ്യാതിഥികളായി.
അസോസിയേഷൻ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷ പ്രസംഗവും, സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതം പറഞ്ഞു. UUKMA നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. Fr. സിബി വാലയിൽ ഓണസന്ദേശം നൽകി. പ്രോഗ്രാം കോർഡിനേറ്റർ സിറിൽ മാഞ്ഞൂരാൻ നന്ദിയും രേഖപ്പെടുത്തി.

തുടർന്നുള്ള മണിക്കൂറുകൾ SMAയുടെ കലാവൈവിധ്യത്തിന് വേദിയായി. SMAയുടെ ഡാൻസ് സ്കൂളിലെ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച, ഓണപ്പാട്ട്, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക്-ഡ്യൂയറ്റ് ഡാൻസ്, നാടൻപാട്ട് എന്നിവ സദസ്സിന് ആവേശവും ആസ്വാദനവും പകർന്നു. ചെണ്ടമേളവും, ഫാഷൻ ഷോയും ആഘോഷത്തിന് മാറ്റുകൂട്ടി.
ദീപാ സുരേഷും സിജിൻ അകശാലയും സ്റ്റേജ് പരിപാടികൾ കോർഡിനേറ്റ് ചെയ്തു. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാഷൻ ഷോയിലെ രണ്ട് വിജയികൾക്ക് House of Draupadi Online Boutique നൽകുന്ന ഓണക്കോടിയും Shadow Fox Fashion നൽകുന്ന പോർട്ട്ഫോളിയോ ഫോട്ടോഷൂട്ടും സമ്മാനമായി ലഭിച്ചു. യൂത്ത് കോർഡിനേറ്റർ അലീന വിജിയും, ബിജോയ് ഫ്രാൻസിസും ഫാഷൻ ഷോയ്ക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കോർഡിനേറ്റർമാരായ സിറിൽ മാഞ്ഞൂരാൻ, ജോസ്‌നി ജിനോ, ട്രഷറർ അനീഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷിന്റോ വർഗീസ് , ജിനു എബ്രഹാം, ജോയിന്റ് സെക്രട്ടറി ജോസിനി ജിനോ,PRO സിബി ജോസ്, ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മി രാജൻ, യൂത്ത് കോർഡിനേറ്റർ അലീന വിജി എന്നിവരോടൊപ്പം, എസ്എംഎ മുൻപ്രസിഡന്റുമാരായ ബെന്നി പാലാട്ടി, വിജി കെ പി ,റോയ് ഫ്രാൻസിസ്, എബിൻ ബേബി, അജിമംഗലത്ത്, വിനു ഹോർമിസ്, വിൻസൻറ് കുര്യാക്കോസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണപരിപാടികൾക്ക് നേതൃത്വം നൽകി.
ബാല്യത്തിലെ ഓണനാളുകളും കുടുംബത്തോടൊപ്പം പങ്കിട്ട ആ ചെറുതും വലുതുമായ നിമിഷങ്ങളും മനസ്സിൽ ചേർത്തുപിടിച്ച്, തലമുറകളിലൂടെ പകർന്നുകിട്ടിയ ആ സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകം അടുത്ത തലമുറയിലേക്കും കൈമാറാനുള്ള SMAയുടെ കൂട്ടായ ശ്രമത്തിന് സാക്ഷിയായി ‘ഓണാരവം@2026’.












Leave a Reply