ആലുവ: ചൂർണിക്കരയിൽ 45കാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐശ്വര്യ ഫ്ലാറ്റ് സമുച്ചയത്തിലെ കോംപൗണ്ടിൽ ഏറെ നാളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് മാസമായി അനില ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ക്യാൻസർ ചികിത്സയിലായിരുന്ന ഇവർ ഇടയ്ക്കിടെ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങാറുണ്ടായിരുന്നു. എന്നാൽ അനിലയെക്കുറിച്ച് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് കാര്യമായ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. ഏറെക്കാലം തിരുവനന്തപുരത്തെ ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്നതായി ചിലരോട് പറഞ്ഞിരുന്നതായാണ് വിവരം.
ഫ്ലാറ്റിൽ താമസിക്കുന്ന സനലിന്റേതാണ് കാർ. നികുതി കാലാവധി കഴിഞ്ഞതിനാൽ കാർ റോഡിൽ ഇറക്കാറില്ലായിരുന്നു. അതിനാൽ ഏറെനാളായി ആരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് കാർ കിടന്നിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











Leave a Reply