ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തെറ്റായ കൈകളിലെത്തുന്നത് മനുഷ്യരാശിക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് ചാൾസ് രാജാവ് മുന്നറിയിപ്പ് നൽകി. സമൂഹത്തിന് ഗുണകരമായ രീതിയിൽ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കോട്ട് ലൻഡിലെ ഡംഫ്രീസ് ഹൗസിൽ സംഘടിപ്പിച്ച ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എൻവിഡിയ, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളുടെ പ്രതിനിധികളും ബ്രിട്ടന്റെ എഐ മന്ത്രി കനിഷ്ക നാരായണനും മാർപാപ്പയുടെ ഉപദേശകനും യോഗത്തിൽ പങ്കെടുത്തു.

എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ തന്നെ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ചാൾസ് രാജാവ് പറഞ്ഞു. സാങ്കേതികവിദ്യയുടെ വികസനം മാത്രമല്ല, അത് മനുഷ്യർക്കും സമൂഹത്തിനും പ്രകൃതിക്കും ഗുണകരമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എഐ സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യം നൽകേണ്ടതെന്നും സുരക്ഷ ഉറപ്പാക്കാനാകാത്ത ഉൽപന്നം പുറത്തിറക്കാതെ കൂടുതൽ സാങ്കേതിക വികസനം നടത്തണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഗൂഗിൾ ഡീപ്‌മൈൻഡിന്റെ സഹസ്ഥാപകൻ സർ ഡെമിസ് ഹസാബിസ് മനുഷ്യനേക്കാൾ മികച്ച രീതിയിൽ വിവിധ ജോലികൾ ചെയ്യാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തിയേക്കാമെന്ന് പറഞ്ഞു. ഇതിന്റെ സ്വാധീനം വ്യാവസായിക വിപ്ലവത്തിന്റേതിനേക്കാൾ പത്തിരട്ടിയാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് ലോകമെമ്പാടും ചർച്ചകൾ ശക്തമാകുന്നതിനിടെ, സുരക്ഷ ഉറപ്പാക്കാൻ കമ്പനികളും സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഓപ്പൺഎഐ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറാ ഫ്രിയറും വ്യക്തമാക്കി.











Leave a Reply