ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ ഏഴ് വർഷത്തോളമായി കാണാതായ ഹാംപ്ഷയർ സ്വദേശിനി ജോവാൻ ഷീന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ കാട്ടുതീ ഉണ്ടായ പ്രദേശത്ത് ഓഗസ്റ്റ് 12നാണ് അസ്ഥികൾ കണ്ടെത്തിയത്. വിപുലമായ ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമാണ് തിരിച്ചറിഞ്ഞത്.

44കാരിയായ ജോവാൻ മൂന്ന് കുട്ടികളുടെ അമ്മയാണ്. 2019 ഡിസംബറിൽ അവസാനമായി കണ്ട ജോവാനെ 2020 ഫെബ്രുവരിയിലാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഫെയർഹാമിൽ നിന്ന് ജന്മനാടായ സതാംപ്ടണിലേക്ക് യാത്ര തിരിച്ച ശേഷമാണ് ഇവരെ കാണാതായത്. സംഭവത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ആദ്യം കൊലപാതക അന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഹാംപ്ഷയർ ആൻഡ് ഐൽ ഓഫ് വൈറ്റ് പൊലീസ് ഏറ്റെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് സതാംപ്ടൺ സ്വദേശിയായ 56കാരനെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജോവാന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജോവാൻ ഫേൽതാമിൽ എത്തിപ്പെട്ടതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ക്രൈംസ്റ്റോപ്പേഴ്സ് വഴി രഹസ്യമായി വിവരം കൈമാറാം. അന്വേഷണത്തെ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.











Leave a Reply