ന്യൂസ് ഡെസ്ക്, മലയാളം യുകെ

165 കുടിയേറ്റക്കാരുമായി ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടന്ന 19കാരന് രണ്ട് വർഷവും മൂന്ന് മാസവും തടവുശിക്ഷ. ദക്ഷിണ സുഡാൻ സ്വദേശിയായ ചാൻ മാത്തോക് അറ്റക്, ജൂലൈ 23ന് നടന്ന കടൽയാത്രയിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയെന്ന് സമ്മതിച്ചിരുന്നു. കാന്റർബറി ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശ പൗരനായതിനാൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തലിന് അറ്റക് വിധേയനായേക്കാമെന്നും കോടതി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

14 വയസ്സുകാരൻ ഉൾപ്പെടെ 31 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് എൻജിനുകളുണ്ടായിരുന്നെങ്കിലും ഒരെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഏകദേശം 24 മണിക്കൂർ കടലിൽ കഴിഞ്ഞ ബോട്ടിൽ ഭക്ഷണവും കുടിവെള്ളവും മരുന്നുകളും പരിമിതമായിരുന്നു. ജീവൻരക്ഷാ ജാക്കറ്റുകളുടെ നിലവാരം മോശമായിരുന്നെന്നും ഇന്ധന ടിന്നുകൾക്ക് സമീപം ബാറ്ററികൾ ഉണ്ടായിരുന്നതിനാൽ തീപിടിത്ത സാധ്യത കൂടുതലായിരുന്നെന്നും നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.

ബോട്ടിന്റെ നിയന്ത്രണം തനിക്കായിരുന്നില്ലെന്നാണ് അറ്റക് ആദ്യം പറഞ്ഞത്. എന്നാൽ 90 മിനിറ്റ് ദൈർഘ്യമുള്ള വ്യോമദൃശ്യങ്ങളിൽ ഒരു എൻജിൻ ഉപയോഗിച്ച് അറ്റക് ബോട്ട് ഓടിച്ചിരുന്നതായി കണ്ടെത്തി. പിടിയിലാകുന്നതിന് മുൻപ് തിരിച്ചറിയാതിരിക്കാൻ എൻജിനിൽനിന്ന് മാറി ജാക്കറ്റ് അഴിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം യാത്രയ്ക്ക് അറ്റക്കിന് പരിശീലനമോ പരിചയമോ ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, ബോട്ടിന്റെ അമിതമായ തിരക്കിനും സുരക്ഷാ സംവിധാനങ്ങളുടെ കുറവിനും അറ്റക്കിന് ഉത്തരവാദിത്തമില്ലെന്ന് പ്രതിഭാഗം വാദിച്ചു.