ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ 40ലേറെ പൊലീസ് സേനകളുടെ ക്രിമിനൽ രേഖകൾ, ഇരകളുടെ മൊഴികൾ, ആഭ്യന്തര ഇ-മെയിലുകൾ ഉൾപ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങൾ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമിൽ സൂക്ഷിക്കുന്നത് സുരക്ഷാ ഭീഷണിയാകാമെന്ന് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് അസ്യൂർ പ്ലാറ്റ്ഫോമിലേക്ക് പൊലീസ് വിവരങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട 2017ലെ സുരക്ഷാ വിലയിരുത്തലിലാണ് വിദേശ ശക്തികൾക്കും യുഎസ് സർക്കാരിനും വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. ചില വിവരങ്ങൾ ‘ഔദ്യോഗികം’ എന്ന സുരക്ഷാ വിഭാഗത്തിനും മുകളിലുള്ളതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് വിവരങ്ങൾ എവിടെ സൂക്ഷിക്കപ്പെടുന്നുവെന്നോ പ്രോസസ് ചെയ്യപ്പെടുന്നുവെന്നോ പൂർണമായി ഉറപ്പാക്കാനാകില്ലെന്നും മൈക്രോസോഫ്റ്റിന്റെ ആഗോള ക്ലൗഡ് സംവിധാനത്തിലൂടെ വിവരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറപ്പെടാമെന്നും 2017ലെ രേഖയിൽ വ്യക്തമാക്കിയിരുന്നു. യുഎസ് സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയും രേഖ ചൂണ്ടിക്കാട്ടി. എന്നാൽ ബ്രിട്ടീഷ് പൊലീസ് അധികൃതർ പറയുന്നത് യുകെയിലെ ഡേറ്റാ സാധാരണയായി യുകെ ഡേറ്റാ സെന്ററുകളിലാണ് സൂക്ഷിക്കുന്നതെന്നും മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ കരാർ പ്രകാരം ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയില്ലാതെ യുഎസ് സർക്കാരുമായി വിവരങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമാണ്. മൈക്രോസോഫ്റ്റും ഉപഭോക്തൃ വിവരങ്ങൾ വിദേശ സർക്കാരുകൾക്ക് സ്വമേധയാ കൈമാറില്ലെന്ന് വ്യക്തമാക്കി.
എന്നാൽ ക്ലൗഡ് സുരക്ഷാ വിദഗ്ധരും നിയമ വിദഗ്ധരും ഈ ഉറപ്പുകൾ മാത്രം മതിയാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യുഎസ് കമ്പനികൾക്ക് വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന ഡേറ്റയിലേക്കും ചില സാഹചര്യങ്ങളിൽ യുഎസ് നിയമപ്രകാരം പ്രവേശനം ആവശ്യപ്പെടാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ എല്ലാ പൊലീസ് സേനകളും പൂർണമായോ ഭാഗികമായോ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആശ്രിതത്വം വലിയ സുരക്ഷാ പ്രശ്നമാണെന്നും റിപ്പോർട്ട് പറയുന്നു. വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പോലും നിലവിലെ സംവിധാനങ്ങളിലൂടെ എല്ലായ്പ്പോഴും തിരിച്ചറിയാനാകില്ലെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.











Leave a Reply