ന്യൂഡൽഹി: കുട്ടികളുടെ പാസ്‌പോർട്ട് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് ഇനി അനുവദിച്ച തീയതി മുതൽ അഞ്ച് വർഷം വരെയോ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെയോ, ഏതാണോ ആദ്യം വരുന്നത് അതുവരെ സാധുതയുണ്ടാകും. നേരത്തെ 15 വയസ്സ് തികയുന്നതുവരെയായിരുന്നു കാലാവധി. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് 18 വയസ്സുവരെ സാധുതയുള്ള പാസ്‌പോർട്ടോ മുതിർന്നവർക്കുള്ള 10 വർഷത്തെ പാസ്‌പോർട്ടോ തിരഞ്ഞെടുക്കാം.
മുതിർന്നവർക്കുള്ള പാസ്‌പോർട്ടിന് 10 വർഷത്തെ കാലാവധി തുടരും. 60 വയസ്സിന് മുകളിലുള്ളവർക്ക് പുതിയ പാസ്‌പോർട്ട് അപേക്ഷയിൽ 10 ശതമാനം ഫീസ് ഇളവും തുടരും. എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പുതിയ പാസ്‌പോർട്ട് അപേക്ഷയിൽ 10 ശതമാനം ഇളവുണ്ട്. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഈ ഇളവ് ബാധകമല്ല. കുട്ടികളുടെ അപേക്ഷയിൽ മാതാപിതാക്കളുടെ പേരിലുള്ള വിലാസ രേഖ ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്. അപ്പോയിന്റ്മെന്റ് സമയത്ത് മാതാപിതാക്കളുടെ പാസ്‌പോർട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കിലും നേരത്തെ മാറ്റം വരുത്തിയിരുന്നു. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 2500 രൂപയും 60 പേജുള്ളതിന് 3500 രൂപയുമാണ് നിലവിലെ നിരക്ക്. മുതിർന്നവർക്കുള്ള തത്കാൽ പാസ്‌പോർട്ടിന് യഥാക്രമം 5000 രൂപയും 8500 രൂപയുമാണ് നിരക്ക്. പ്രായപൂർത്തിയാകാത്തവർക്ക് 36 പേജുള്ള പുതിയ പാസ്‌പോർട്ടിനോ പുനർവിതരണത്തിനോ 1750 രൂപയും തത്കാലിന് 3000 രൂപയുമാണ് ഫീസ്.
പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ അപ്പോയിന്റ്മെന്റ് എടുക്കാം. നിശ്ചിത ദിവസം അസൽ രേഖകളുമായി കേന്ദ്രത്തിലെത്തണം. അപേക്ഷകന്റെ ഫോട്ടോ, ബയോമെട്രിക് വിവരങ്ങൾ, രേഖകളുടെ പരിശോധന എന്നിവ പൂർത്തിയാക്കിയ ശേഷം ആവശ്യമായ പൊലീസ് പരിശോധനയും നടക്കും. വിവാഹമോചന ഉത്തരവില്ലാതെ തന്നെ പാസ്‌പോർട്ടിൽനിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.











Leave a Reply