ദില്ലി: സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സമരം മാറ്റിവച്ചതായി അറിയിച്ചത്. ആഴ്ചയിൽ അഞ്ചുദിവസം മാത്രം പ്രവൃത്തി ദിനമാക്കണമെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായതോടെയാണ് തീരുമാനം.

അഞ്ചുദിവസ പ്രവൃത്തി ആഴ്ചയ്ക്കു പുറമെ പെൻഷൻ പരിഷ്കരണം, ദേശീയ പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നു. അഞ്ചുദിവസ പ്രവൃത്തി ആഴ്ച സംബന്ധിച്ച നിർദേശം നേരത്തെ ഐബിഎ അംഗീകരിച്ച് കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ച രാജ്യത്തെ പല ബാങ്കുകളും പ്രവർത്തിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചുദിവസ പ്രവൃത്തി ആഴ്ച സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉടൻ ഉന്നതതല സമിതി രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കും. മറ്റ് ആവശ്യങ്ങളിലും വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. സമരം മാറ്റിവച്ചതോടെ സെപ്റ്റംബർ 28 തിങ്കളാഴ്ച ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.