സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ
ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. വനിതകളുടെ മത്സരത്തിനും സമീക്ഷ തുടക്കം കുറിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ വർഷത്തെ ടൂർണ്ണമെന്റിനുണ്ട്.
ഈ കായിക മാമാങ്കത്തിന്റെ മാറ്റുകൂട്ടാൻ വിവിധ കലാ പരിപാടികളും വേദിയിൽ അരങ്ങേറും. ഇതിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടി ആസ്വദിക്കാൻ എത്തുന്നവർക്ക് കേരം റെസ്റ്റോറന്റ് ഒരുക്കുന്ന സ്വാദിഷ്ടമായ കേരളീയ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. കായിക പ്രേമികളെ ഹരം കൊള്ളിക്കുന്ന വാശിയേറിയ വടം വലി മത്സരവും,
മനസ്സിനു ആനന്ദം നൽകുന്ന കലാ പ്രകടനവും, നാടൻ ഭക്ഷണ ശാലയും ഒക്കെ ചേർന്ന്
ഗൃഹാതുരത്വം നിറയുന്ന ഒരു വേദിയാകും ബർമിംഗ്ഹാമിൽ നിങ്ങൾക്കായി ഒരുങ്ങുക. യുകെ മലയാളികളെ കുടുംബസമേതം ഈ വേദിയിലേക്ക് സമീക്ഷ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വടം വലി ഒരു മത്സരം മാത്രമല്ല, ഒരുമയുടെയും കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടി ആണ്. വനിതകളുടെ പങ്കാളിത്തത്തോടെ ഈ വേദിയിൽ കരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ, ഒരുമയുടെയും ഈ കായിക മാമാങ്കം അവരിലൂടെ ആഘോഷിക്കപ്പെടും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ ടീമുകൾ മത്സരത്തിന്റെ ഭാഗമാകും. ആവേശകരമായ മത്സരങ്ങൾക്കും മനോഹരമായ
ഓർമകൾക്കും ഈ വേദി ഒക്ടോബർ 18 നു സാക്ഷിയാകും.
ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി
104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും.
ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനുള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.
വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. വിജയികൾക്കായി £501, £201, £101, £101 എന്നിങ്ങനെ ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.

ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള
ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ ഷാജു സി ബേബി (07856493330), ദീപ്‌തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപ്പെടുക.











Leave a Reply