തിരുവനന്തപുരം ∙ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടുന്ന ഗുരുതര പരാതിയെ തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയതായി റിപ്പോർട്ട്. വനിതാ അഭിഭാഷക നൽകിയ പരാതിയിൽ സിപിഎം നേതാക്കൾ പ്രാഥമിക അന്വേഷണം നടത്തിയതിനു പിന്നാലെയാണ് നടപടി. വ്യക്തിപരമായ കാരണങ്ങളാണ് നേതൃമാറ്റത്തിന് പിന്നിലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചതെങ്കിലും, പരാതിയിൽ കഴമ്പുണ്ടെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതായാണ് വിവരം.
സുരേഷ് ബാബുവിനെ മാറ്റുന്നതിൽ പിണറായി വിജയനും എം.ബി. രാജേഷും നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ട്. പാലക്കാട് പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും സുരേഷ് ബാബുവിന് വീഴ്ച സംഭവിച്ചതായി നേതൃത്വം വിലയിരുത്തുന്നു. അതേസമയം, വനിതാ അഭിഭാഷകയുടെ പരാതിയിൽ തുടർ അച്ചടക്കനടപടികൾ ഉണ്ടായേക്കുമെന്നും, മറ്റൊരു നേതാവിനെതിരായ പരാതിയിലും നടപടിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സുരേഷ് ബാബുവിന്റെ മാറ്റത്തോടെ പാലക്കാട്ടെ സിപിഎമ്മിലെ അധികാരസമവാക്യങ്ങളിലും മാറ്റം പ്രകടമാകുകയാണ്. സുരേഷ് ബാബു–സി.കെ. രാജേന്ദ്രൻ അച്ചുതണ്ടിന് പകരം എം.ബി. രാജേഷ്, വി. ചെന്താമരാക്ഷൻ, എൻ.എൻ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന പുതിയ നേതൃനിര ശക്തിപ്പെടുന്നതായാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എസ്.എഫ്.ഐ.–ഡി.വൈ.എഫ്.ഐ നേതാവ് വി. ചെന്താമരാക്ഷൻ എത്തിയതും ഈ മാറ്റത്തിന്റെ സൂചനയായാണ് കാണുന്നത്.











Leave a Reply